ഹൈദരാബാദ്: 45 ദിവസം പ്രായമുള്ള കുഞ്ഞ് കൊറോണ ബാധിച്ച് മരിച്ചു. ന്യുമോണിയെത്തുടര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഗാന്ധി ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ചയാണ് കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചത്. നാരായണ്‍പേട്ട് ജില്ലക്കാരാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍. ജില്ലയില്‍ സ്ഥിരീകരിച്ച ആദ്യ കേസും ഈ കുഞ്ഞിന്റേതാണ്. മാതാപിതാക്കളെ കൊറോണ പരിശോധയ്ക്ക് വിധേയമാക്കിയെങ്കിലും ഇരുവര്‍ക്കും കൊറോണയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
കൊറോണ ബാധിത ഇടങ്ങില്‍ ഇവര്‍ സഞ്ചരിച്ചിട്ടില്ല. എങ്ങനെയാണ് കുഞ്ഞിന് രോഗം പകര്‍ന്നത് എന്ന അന്വേഷണത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. കുഞ്ഞിന് പ്രതിരോധകുത്തിവെപ്പ് എടുക്കുന്നതിനായി നാരായണ്‍പേട്ട് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. അവിടെ നിന്നാണ് കുഞ്ഞിന് അസുഖം പകര്‍ന്നത് എന്ന നിഗമനത്തിലാണ് അധികൃതര്‍. മൂന്ന് ദിവസത്തിന് ശേഷം കുഞ്ഞിന് പനി ബാധിക്കുകയും ചെയ്തു. പിന്നീട് കുഞ്ഞിനെ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഈ ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരണപ്പെടുകയായിരുന്നു.
കുഞ്ഞുങ്ങൡ വ്യാപകമായി കൊറോണ സ്ഥിരീകരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.ഒമ്പതു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന് നേരത്തെ കൊവിഡ് 19 ബാധിച്ചതായി റിപ്പോർട്ട് വന്നിരുന്നു. ഞായറാഴ്ചയാണ് കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചത്. ഭോപ്പാലിലെ സുല്‍ത്താനിയ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ഇവിടെ ജോലി ചെയ്തിരുന്ന രണ്ട് നഴ്സുമാര്‍ക്ക് നേരത്തെ കൊവിഡ് 19 പോസിറ്റീവ് ആണെന്നും സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചിരുന്നതിന് പിന്നാലെ നവജാത ശിശുവിന്റെ മാതാപിതാക്കളും പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.
കഴിഞ്ഞ ദിവസം സമാനമായി രീതിയിൽ മധ്യപ്രദേശിൽ 12 ദിവസം പ്രായമായ കുഞ്ഞിന് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന് രോഗം പകർന്നത് ആശുപത്രിയിൽ നിന്നാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും കൊവിഡ് രോഗമില്ലെന്നതാണ് ഇത്തരമൊരു സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നത്. എന്നാൽ കുഞ്ഞിനെ പരിചരിച്ച ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം മുംബൈയിൽ ധാരാവിയിലെ ചേരിയിൽ 20 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ധാരാവിയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 138 ആയി.