‘കേര’യെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന; 51 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു

തിരുവനന്തപുരം: മായം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിപണികളില്‍ ലഭ്യമായ 51 ബ്രാന്‍ഡിലുള്ള വെളിച്ചെണ്ണ നിരോധിച്ചു. 51 കമ്പനികളുടെയും ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ നിരോധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്യം ഉത്തരവിട്ടു. നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതും ക്രിമിനല്‍ കുറ്റമായി കണക്കാക്കും.

സര്‍ക്കാര്‍ ബ്രാന്‍ഡായ കേര വെളിച്ചെണ്ണയെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇതില്‍ 22 ബ്രാന്‍ഡുകള്‍ വിൽപന നടത്തിയിരുന്നത്. ഒരു മാസത്തിനിടെ നിരോധിച്ച 96 ബ്രാന്‍ഡുകളില്‍ 41 എണ്ണവും കേരയുടെ മറവിലായിരുന്നുവെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തി.

Loading...

സര്‍ക്കാരിന്റെ സ്വന്തം കേരയിലുള്ള വിശ്വാസത്തെ മറയാക്കിയാണ് ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിപണിയിൽ ഒഴുകുന്നത്. ഇന്നു നിരോധിച്ച 51 വെളിച്ചെണ്ണകളില്‍ 22 എണ്ണത്തിനൊപ്പവും കേര എന്നു പേരുണ്ട്. ജൂണ്‍ ഒന്നിനു നിരോധിച്ച 45 ബ്രാന്‍ഡില്‍ 19 എണ്ണത്തിലും കേരയെന്ന പേരുണ്ട്.

വെളിച്ചെണ്ണയ്ക്കു കിലോയ്ക്ക് 240 രൂപ വിലയുണ്ടെന്നിരിക്കെ 140 ഉം 160 ഉം രൂപയ്ക്കാണ് ഗുണനിലവാരമില്ലാത്തവ വിൽക്കുന്നത്. ശുദ്ധമായ വെളിച്ചെണ്ണ വിൽക്കുന്ന കമ്പനികള്‍ക്കു കിലോയ്ക്ക് കേവലം 20 രൂപ ലാഭം കിട്ടുമ്പോള്‍ ഗുണനിലവാരമില്ലാത്ത കമ്പനികള്‍ക്ക് കിട്ടുന്ന ലാഭം അന്‍പതു രൂപയ്ക്കു മുകളിലാണ്.

കേര നാളികേരം വെളിച്ചെണ്ണ, കേര മൗണ്ട്, കേര സ്വാദ്, കേര ലൈഫ്, കേര സ്റ്റാര്‍, കേര രുചി എന്നിവയാണ് ഏറ്റവും ഒടുവില്‍ നിരോധിച്ച ബ്രാന്‍ഡുകളില്‍ ചിലത്.