ബ്രഹ്മപുത്രാ നദിയില്‍ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 60 പേരെ കാണാതായി; ഒരു മരണം

ഗുവാഹത്തി: ബ്രഹ്മപുത്രാ നദിയില്‍ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 60 പേരെ കാണാതായി. അസമിലെ മാജുലി ദ്വീപിലേക്ക് 85 യാത്രക്കാരുമായി പോയ സ്വകാര്യ ബോട്ട് എതിരെ വന്ന സര്‍ക്കാര്‍ ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒരു മരണം സ്ഥിരീകരിച്ചു. ജോര്‍ഹാട് നഗരത്തിലെ നിമതി ഘട്ടിനടുത്തുവച്ച്‌് ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് അപകടം ഉണ്ടായത്.

മാജുലിയിലേക്ക് പോകുക ആയിരുന്ന ‘മാ കമല’ എന്ന സ്വകാര്യ ബോട്ട്, മാജുലിയില്‍ നിന്നു മടങ്ങിവരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ‘തൃപ്കായ്’ ബോട്ടുമായാണ് കൂട്ടിയിടിച്ചത്. രണ്ടു ബോട്ടിലുമായി 120 ലേറെ യാത്രക്കാരുണ്ടായിരുന്നു എന്നും സര്‍ക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്ന മിക്കവരും നീന്തി രക്ഷപ്പെട്ടെന്നുമാണു വിവരം. കൂട്ടിയിടിച്ച ബോട്ട് തലകീഴായി മറിഞ്ഞെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. 43 യാത്രക്കാരെ രക്ഷപ്പെടുത്തി. ബൈക്കുകളും കാറുകളും ഉള്‍പ്പെടെ ബോട്ടിലുണ്ടായിരുന്ന വാഹനങ്ങളും നദിയില്‍ നഷ്ടമായി.

Loading...

ദേശീയ ദുരന്തനിവാരണ സമിതിയും സംസ്ഥാന ദുരന്തനിവാരണ സമിതിയും ഉള്‍പ്പെടെ രംഗത്തുണ്ട്. ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമാണ്. തലകീഴായി മറിഞ്ഞ ബോട്ടിനുള്ളിലേക്കു കടക്കാന്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ക്കു കഴിഞ്ഞിട്ടില്ല. ബോട്ട് വെട്ടിപ്പൊളിക്കാനാണു ശ്രമം. രക്ഷാപ്രവര്‍ത്തനത്തിനു സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഉറപ്പുനല്‍കി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ദുരന്തത്തെപ്പറ്റി മജിസ്‌ട്രേട്ട് തല അന്വേഷണം പ്രഖ്യാപിച്ചു.

ഗുവാഹത്തിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് ലോകത്തെ ഏറ്റവും വലിയ നദീ ദ്വീപായ മാജുലി. വിനോദസഞ്ചാരകേന്ദ്രമായ അവിടേക്ക് ജോര്‍ഹാടില്‍നിന്ന് ബ്രഹ്മപുത്ര കടന്നുവേണം എത്താന്‍. 50 വര്‍ഷം മുന്‍പ് 1200 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ടായിരുന്ന മാജുലി ദ്വീപ് ഇപ്പോള്‍ കഷ്ടിച്ച്‌ 540 ചതുരശ്രകിലോമീറ്ററിലേക്കു ചുരുങ്ങി. നൂറോളം ഗ്രാമങ്ങള്‍ ഇക്കാലത്ത് ഒഴുകിപ്പോയി. കാലാവസ്ഥാ വ്യതിയാനമാണു ദ്വീപിനെ തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഹിമാലയത്തിലെ മഞ്ഞുപാളികള്‍ ഉരുകി കരകവിയുന്ന ബ്രഹ്മപുത്ര ദ്വീപിനെ കാര്‍ന്നു തിന്നുന്നു. ഒട്ടേറെ ഗോത്രവര്‍ഗക്കാരുടെ ആവാസ മേഖലകൂടിയാണ് ഇവിടം. ജനസംഖ്യ 1.67 ലക്ഷം.