ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടർമാരുടെ അനാസ്ഥ മൂലമെന്ന് അന്വേഷണ റിപ്പോർട്ട്. ചികിത്സയിൽ അനാസ്ഥ കാണിച്ചെന്ന് കരുതപ്പെടുന്ന ഏഴ് പേർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യാ കുറ്റത്തിന് കേസെടുത്തു. കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഇവർക്ക് 8 മുതൽ 25 വർഷം വരെ തടവ് ലഭിക്കും. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് നടത്തിയ അന്വേഷണത്തിൻ്റെ ഫലം പരിഗണിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മറഡോണയുടെ കുടുംബ ഡോക്ടർ ലിയോപോൾഡോ ലുക്ക്, സൈക്യാട്രിസ്റ്റ് അഗസ്റ്റിന കൊസാചോവ്, മറഡോണയുടെ മെഡിക്കൽ ടീമിലെ രണ്ട് ആരോഗ്യ വിദഗ്ധർ, ഒരു ഡോക്ടർ, ഒരു സൈക്കോളജിസ്റ്റ്, നഴ്സ് കോർഡിനേറ്റർ എന്നിവരെക്ക്തിരെയാണ് കേസ്. ഇവർക്കെതിരെ പ്രോസിക്യൂട്ടർമാർ സ്വമേധയാ കൊലക്കുറ്റം ചുമത്തുകയായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് നവംബർ 25 നായിരുന്നു മറഡോണ അന്തരിച്ചത്. അവസാന നിമിഷങ്ങളിൽ മറഡോണയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനുശേഷം വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. മരണത്തിന് മുൻപ് 12 മണിക്കൂറോളം അദ്ദേഹം അതിതീവ്ര വേദന അനുഭവിച്ചിരുന്നു. ആ സമയത്ത് കൃത്യമായ ചികിത്സ ലഭ്യമാക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞിരുന്നില്ല. കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നെങ്കിൽ അദ്ദേഹം ഇപ്പോഴും ജീവിച്ചിരുന്നേനെ എന്നും അന്വേഷണ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.