കൊറോണ വൈറസ്; ഫ്രാന്‍സില്‍ എണ്‍പതുകാരന്‍ മരിച്ചു; ഏഷ്യയ്ക്ക് പുറത്തെ ആദ്യ കേസ്

പാരീസ്: കൊറോണ വൈറസ് ബാധയില്‍ ഏഷ്യക്ക് പുറത്ത് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.ഫ്രാന്‍സിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 80 കാരനാണ് മരണത്തിന് കീഴടങ്ങിയത്. ചൈനീസ് ടൂറിസ്റ്റായ എണ്‍പതുകാരന്‍ മരിച്ചതായി ഫ്രഞ്ച് ആരോഗ്യമന്ത്രി ആഗ്നസ് ബുസിനാണ് ഇക്കാര്യം അറിയിച്ചത്.ഏഷ്യക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊറോണ മരണമാണിത്. ജനുവരി അവസാനം മുതല്‍ പാരീസിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു എണ്‍പതുകാരന്‍. എന്നാല്‍ വെള്ളിയാഴ്ചയോടെ ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നുവെന്ന് ആഗ്നസ് വ്യക്തമാക്കി.

വൈറസ് സ്ഥിരീകരിച്ച ആറ് പേര്‍കൂടി ഫ്രാന്‍സില്‍ ചികിത്സയിലുണ്ടെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് പുറമേ ഫിലിപ്പിന്‍സ്, ഹോങ്കോങ്ങ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ് ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.കണക്കുകല്‍ പ്രകാരം ചൈനയില്‍ മാത്രം ഇതുവരെ 1523 പേര്‍ മരണപ്പെട്ടു. 66,492 പേര്‍ക്ക് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഫിലിപ്പിന്‍സ്,ഹോങ്കോങ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവും മരിച്ചു.

Loading...

കൊറോണ വൈറസിനെ നിയന്ത്രണ വിധേയമാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. ചൈനയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1630 ആയി. ഇന്നലെ മാത്രം ജീവന്‍ നഷ്ടപ്പെട്ടത് 139 പേര്‍ക്കാണ്. ആറ് ആരോഗ്യ പ്രവര്‍ത്തകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. പുതിയതായി 2420 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിക്ക പെട്ടവരുടെ എണ്ണം 67,535 ആയി. അതേസമയം ആഫ്രിക്കയിലും കൊറോണ സ്ഥിരീകരിച്ചു. ഈജിപ്തിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്തുള്ള വിദേശിക്കാണ് രോഗം കണ്ടെത്തിയത്. ചൈനയില്‍ 1,716 മെഡിക്കല്‍ സ്റ്റാഫിനു രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ട വുഹാന്‍ നഗരത്തിലെ ആശുപത്രികളില്‍ സേവനം ചെയ്ത പല മെഡിക്കല്‍ സ്റ്റാഫിനും ആദ്യഘട്ടത്തില്‍ മാസ്‌കുകളും മറ്റും ഉപയോഗിക്കാതെ രോഗികളെ പരിശോധിക്കേണ്ടി വന്നിരുന്നു. ഇതെ തുടര്‍ന്നാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ പലര്‍ക്കും രോഗം പിടിപെട്ടത്.

അതേസമയം ബാങ്കോക്കില്‍നിന്ന് കൊല്‍ക്കത്തയിലെത്തിയ രണ്ടുപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ജാപ്പനീസ് കപ്പലിലുള്ള കൊറോണ കൊറോണ ബാധിതരായ ഇന്ത്യക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയ രണ്ടു യാത്രക്കാര്‍ക്കും ഡല്‍ഹിയിലെത്തിയ ഒരു യാത്രക്കാരനുമാണ് കൊറോണ ബാധയുണ്ടെന്ന സംശയമുള്ളത്. ഇവരെ ആശുപത്രിയിലാക്കി പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.കേരളത്തില്‍ രോഗബാധ സ്ഥിരീകരിച്ച മൂന്നുപേരില്‍ ഒരാള്‍ അസുഖം മാറിയതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. ആലപ്പുഴയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആളാണ് അസുഖം മാറിയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.മറ്റു രണ്ട് പേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇവരുടെ ആരോഗ്യ നിലയും തൃപ്തികരമാണ്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ഇവര്‍ക്കും ഉടന്‍ തന്നെ ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ എത്തിച്ച 645 പേര്‍ നിലവില്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ തുടരുകയാണ്. ഇതിനിടെ ചൈനയിലേക്ക് മരുന്നും, കൈയ്യുറകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ഇന്ത്യ അയക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.