മുംബൈ: വിദേശ സന്ദര്‍ശനത്തിനിടെ മംഗോളിയക്ക് ഒരു ബില്ല്യണ്‍ യു.എസ്. ഡോളറിന്റെ സഹായ വാഗ്ദാനം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍.ഡി.എ.യുടെ സഖ്യകക്ഷിയായ ശിവസേനയുടെ രൂക്ഷ വിമര്‍ശം. കാലം തെറ്റി പെയ്ത മഴയും ആലിപ്പഴ വര്‍ഷവും മൂലം വരുമാനം നഷ്ടപ്പെട്ട് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി മംഗോളിയക്ക് കൂറ്റന്‍ തുക സഹായധനമായി നല്‍കുന്നത്. രാജ്യത്തിനകത്ത് തന്നെ ഇത്രയേറെ കടബാധ്യത ഉള്ളപ്പോള്‍ മറ്റൊരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യം എന്താണ്. ജപ്പാനില്‍ നിന്ന് സഹായം ലഭിച്ച ഇന്ത്യ അത് മംഗാളിയക്ക് നല്‍കുകയാണ്. ജപ്പാന് വേണമെങ്കില്‍ അത് നേരിട്ട് മംഗോളിയക്ക് നല്‍കാവുന്നതേയുള്ളു. പ്രധാനമന്ത്രിയുടെ ഈ നടപടി ഇന്ത്യയിലെ കര്‍ഷകരോടുള്ള വഞ്ചനയാണ്-പാര്‍ട്ടിയുടെ മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തില്‍ പറഞ്ഞു.

മംഗോളിയയെ സഹായിക്കുന്നതിന് പകരം മഹാരാഷ്ട്രയിലെ കര്‍ഷകരോടും ജെയ്താപുര്‍ ആണവനിലയം മൂലം ദുരിതം അനുഭവിക്കുന്ന കൊങ്കണ്‍ മേഖലയിലെ ജനങ്ങളോടുമായിരുന്നു പ്രധാനമന്ത്രി അനുഭാവം പ്രകടിപ്പിക്കേണ്ടത്. അവരെയായിരുന്നു സഹായിക്കേണ്ടിയിരുന്നത്.

Loading...

ആലിപ്പഴ വര്‍ഷവും വരള്‍ച്ചയും ബാധിച്ച കര്‍ഷകര്‍ സഹായത്തിനായി കാത്തിരിക്കുമ്പോഴാണ് പ്രധാനമന്ത്രി മംഗോളിയയെ സഹായിക്കുന്നത്. മഹാരാഷ്ട്രയിലെ കര്‍ഷകരേക്കാള്‍ ഭാഗ്യം ചെയ്തവരാണ് മംഗോളിയക്കാര്‍-മുഖപ്രസംഗം പരിഹസിച്ചു.