സംസ്ഥാനത്തേത് ഒമിക്രോൺ തരം​ഗമെന്ന് ആരോ​ഗ്യമന്ത്രി; കൊവിഡിൽ 94 ശതമാനവും ഒമിക്രോൺ ‌

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാംതരം​ഗം ഒമിക്രോൺ തരം​ഗമാണെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് . ഇപ്പോഴത്തെ കേസിൽ 94 ശതമാനവും ഒമിക്രോൺ കേസുകളും 6 ശതമാനം ഡെൽറ്റ വകഭേദവുമെന്ന് പരിശോധനയിൽ വ്യക്തമായതായിട്ടുണ്ടെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു. ഐസിയു ഉപയോ​ഗത്തിൽ രണ്ട് ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും വെൻറിലേറ്ററിലും കുറവുണ്ടായെന്നും മന്ത്രി.

ആരോ​ഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിം​ഗ് സെൽ രൂപീകരിക്കും. 0471 2518584 നമ്പറിലായിരിക്കും ബന്ധപ്പെടേണ്ടത്. 24 മണിക്കൂറും ജില്ലകളിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ഒമിക്രോണിൻറെ തീവ്രത ഡെൽറ്റേയാക്കാൾ കുറവാണെങ്കിലും വൈറസിനെ നിസാരമായി കാണരുത്. ചുമ, കടുത്ത പനി എന്നിവ മാറാതെ നിൽക്കുന്നെങ്കിൽ ഗൗരവമാണ്. ഡോക്ടറെ സമീപിക്കണം. കൊവിഡ് രോ​ഗികളിൽ 96.4 ശതമാനം വീട്ടിൽ തന്നെയാണ് കഴിയുന്നത്. ഗൃഹപരിചരണത്തിന് ആശുപത്രിയിലേത് പോലെതന്നെ പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു.

Loading...

പ്രമേഹം ഉള്ളവർ, വൃക്കരോഗികൾ എന്നിവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ഗൃഹപരിചരണത്തിൽ കഴിയേണ്ടതാണ്. തളർച്ച അനുഭവപ്പെട്ടാൽ ഡോക്ടറുടെ പരിചരണം തേടണം. മൂന്ന് ദിവസം വരെ പനിയുണ്ടെങ്കിൽ ആശുപത്രിയിലേക്ക് മാറണം. ഗുരുതര രോഗികൾ, എച്ച്ഐവി പൊസിറ്റീവ് രോഗികൾ എന്നിവർ പൊസിറ്റീവായാൽ ഉടൻ ആശുപത്രിയിലേക്ക് മാറണം. എല്ലാ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ രൂപീകരിക്കും. 50% ശതമാനം കിടക്കൾ സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികൾക്ക് മാറ്റിവയ്ക്കണം. ചികിത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചാൽ ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.