ഓര്‍മ്മക്കുറിപ്പ്‌

മേയ് മാസത്തിലേയ്ക്ക് കടന്നപ്പോഴേയ്ക്കും ഇവിടെ ഖത്തറില്‍ നല്ല ചൂട് തുടങ്ങി. നാട്ടിലെ അസഹ്യമായ ചൂടിനെക്കുറിച്ച്‌ കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നവധി കഴിഞ്ഞെത്തിയ ഒരു സുഹൃത്ത് വേവലാതിപ്പെടുന്നത് കേട്ടു. രണ്ട് ദിവസം മുമ്പ് നാട്ടിലേയ്ക്ക് വിളിച്ചപോള്‍, ഇത്തയോട് ചൂടിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ മറുപടി നിസ്സംഗതയോടെയുള്ള ഒരു മൂളലായിരുന്നു. അതിലെല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു.

Loading...

ഏത് കോരിച്ചൊരിയുന്ന മഴയത്തും വെട്ടിവിയര്‍ക്കുന്നൊരാളുണ്ടായിരുന്നു ഇത്തയ്ക്ക് കൂട്ടിന്; എന്റെ പ്രിയ സഹോദരന്‍. ഇക്കാക്ക എന്നും നാട്ടിലെ മാറിയകാലാവസ്ഥയില്‍, അതിശക്തമായ ചൂടില്‍ അസ്വസ്ഥനാകുമായിരുന്നു. മുപ്പത് വര്‍ഷത്തിലേറെക്കാലം ജോലിയുമായി ഗള്‍ഫില്‍ തങ്ങിയതിന് ശേഷം വിശ്രമജീവിതത്തിനായി കുറച്ച് വര്ഷം മുമ്പ് നാട്ടിലെത്തിയപ്പോള്‍ എനിയ്ക്കത് വലിയോരാശ്വാസമായിരുന്നു.

ഉന്നതവിദ്യാഭ്യാസത്തിനായി നാട്ടിലേയ്ക്ക് പോകുന്ന എന്‍റെ മക്കളുടെ കാര്യങ്ങള്‍ ഇടയ്ക്കൊക്കെ ഒന്നു പോയി നോക്കാനാരെ ഏല്‍പ്പിക്കും എന്ന ചോദ്യത്തിനുത്തരം കിട്ടിയെനിക്ക്. അതുപോലെ തന്നെ ഹോസ്റ്റലില്‍ നിന്നും സ്വന്തം വീട്ടിലേയ്ക്കെന്ന പോലെ ഇടയ്ക്കൊക്കെ ചെന്നു കയറാനൊരിടമായവര്‍ക്ക്. മാമയോടും അമ്മായിയോടും പണ്ടേ വല്ലാത്തൊരടുപ്പവും സ്നേഹവും മക്കള്‍ക്കുണ്ടായിരുന്നു. അതിനെക്കാളേറെ ആശ്വാസമായത് വയസ്സായ ഉപ്പക്കും ഉമ്മക്കുമായിരുന്നു. ഇക്കാക്കയുടെ വീട് തറവാടിന്നടുത്തായതിനാല്‍ കൂടെക്കൂടെ അവരുടെ അടുത്തോടിയത്താനും അത്യാവശ്യം കാര്യങ്ങള്‍ ചെയ്തുകൊടുക്കാനും ഇക്കാക്കയ്ക്ക് കഴിയുമായിരുന്നു. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ വര്‍ഷമാദ്യം ഇവിടെ ഖത്തറില്‍ മകന്റെ കുടുംബത്തോടൊപ്പം കുറച്ചുനാള്‍ തങ്ങാന്‍ വന്നീട്ട് അധികം താമസിയാതെ തന്നെ ഇക്കാക്ക നിര്‍ബന്ധപൂര്‍വം പോയതും. മൂന്നാഴ്ച കഴിഞ്ഞ് ഞങ്ങള്‍ അവധിക്കു നാട്ടില്‍ ചെല്ലുമ്പോള്‍ എനിക്കിഷ്ടപ്പെട്ട വരിക്കപ്ലാവിലെ ചക്ക ആര്‍ക്കും കൊടുക്കാതെ കാത്തു വെച്ചേക്കണേ എന്ന് ഇക്കയോട് പറഞ്ഞേല്‍പ്പിച്ചു.

ഒരാഴ്ച കഴിഞ്ഞ് ഇക്കാക്കയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ അതൊന്നുകൂടി ഓര്‍മിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ ഇക്കാക്ക ഇടയില്‍ക്കയറി പറഞ്ഞു “ഓ അതൊക്കെ റെഡിയായി നിന്നേം കാത്തിവിടെയിരിപ്പുണ്ട്, നീയിങ്ങെത്തിയാല്‍ കൊതി തീരും വരെ തിന്നു തീര്‍ക്കാം”. അതിനിടയില്‍ രണ്ടു ദിവസം മുന്നേ വന്ന ശക്തമായ തലവേദനയെ ക്കുറിച്ചും, കൂട്ടത്തില്‍ മാര്‍ച്ച് മാസത്തിലെ കൊടും ചൂടിനെക്കുറിച്ചും പറഞ്ഞു.

ഓരോ തവണയും അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും പോരാന്‍ നേരം ലഗ്ഗേജ് ഒരു വെല്ലുവിളിയാണെനിക്ക്. ഇക്കാക്കയുടെ വകയും കുറെയെന്തെങ്കിലുമൊക്കെ കാണും. എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോള്‍ പ്രശ്നമാകുമെന്നൊക്കെ പറഞ്ഞാലും ഇക്കാക്ക സാധിക്കുന്ന വിധത്തില്‍ ഓരോന്നും ബാഗില്‍ കുത്തിനിറക്കും. ഇടയ്ക്കാരെങ്കിലും നാട്ടില്‍ നിന്നും വരികയാണെങ്കിലും കാണും എനിക്കൊരു പൊതി.

എനിയ്ക്കോര്‍മ്മ വെച്ച കാലം മുതലേ ഈയൊരു കരുതലെന്നുമുണ്ടായിരുന്നു. പുറത്ത് മഴ തിമിര്‍ത്ത് പെയ്യുമ്പോള്‍ ഇക്കാക്ക കോളേജ് ലൈബ്രറിയില്‍ നിന്നുമെടുത്ത ഇംഗ്ലീഷ് കഥാപുസ്തകത്തില്‍ നിന്നും ഓരോ കഥകള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു തരുമായിരുന്നു. അങ്ങനെ അക്ഷരലോകത്തെയ്ക്കും പിന്നീട് ഇംഗ്ലീഷ് സാഹിത്യ ലോകത്തെയ്ക്കും അതോടൊപ്പം സംഗീതലോകത്തേയ്ക്കും എന്നെ കൈപിടിച്ചുയര്‍ത്തിയതെന്റെ ഇക്കാക്കയായിരുന്നു. ഓര്‍മ്മകളില്‍ നിറയെ വസന്തമായിരുന്നു

കുടുംബത്തിലെ നാല് ആണ്‍മക്കള്‍ക്കിടയിലുള്ള ഏക പെണ്‍തരിയാണ് ഞാന്‍. എന്റെ തൊട്ടുമൂത്തയാളും എനിക്കിളയവനും ഞാനും തമ്മില്‍ ഒരു കുട്ടിപ്പട്ടാളം സ്റ്റൈല്‍ ആയിരുന്നു. എല്ലാറ്റിനും ഒരുമിച്ചു നില്‍ക്കും, എന്നാലിടക്കിടെ തമ്മില്‍ നല്ല ഉശിരന്‍ തല്ലും നടക്കും. കാര്യമായി പ്രതിരോധം തീര്‍ക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അവന്മാരുടെ കയ്യിലൊരൊറ്റ കടിയങ്ങ് വെച്ചുകൊടുത്ത് ഞാന്‍ ഓടി രക്ഷപ്പെടുമായിരുന്നത് ഇക്കാക്കയുടെ അരികിലെയ്ക്കായിരുന്നെപ്പോഴും. ചോരകിനിയുന്ന മുറിപ്പാടുമായി ഇരയെന്റെ നേരെ പാഞ്ഞടുക്കുമ്പോഴേക്കും പ്രതിരോധം തീര്ത്തീട്ടുണ്ടാകും ഇക്കാക്ക. എന്റെ നേരെ നോക്കി കണ്ണുരുട്ടുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുമ്പോള്‍ പരാതി സുപ്രീം കോടതിയിലേയ്ക്ക് നീങ്ങുമെന്ന മട്ടാകും. അവിടെ ചെന്നാല്‍ എന്റെ കാര്യം അവതാളത്തിലാകും എന്ന് മനസ്സിലാക്കി ഇക്കാക്ക പലതും പറഞ്ഞവരെ അനുനയിപ്പിക്കും. ഇനിയും ഇതുപോലെ ഓരോന്നോപ്പിച്ചു വന്നാല്‍ ഞാന്‍ തിരിഞ്ഞു നോക്കില്ലെന്ന് പറയുമെന്നോട്. അത് ചുമ്മാതാണെന്നാണ് കാലം തെളിയിച്ചീട്ടുള്ളത്.

ഇക്കാക്ക എന്നുമുണ്ടായിരുന്നു കൂടെ, കഴിഞ്ഞ (രണ്ടായിരത്തി പതിനാല്) മെയ്‌ പതിമൂന്നിന് ഞങ്ങളെ യെല്ലാം സങ്കടക്കടലിലേയ്ക്ക് തള്ളിയിട്ട് ദൂരേയ്ക്കോടി മറയും വരെ. മെയ്‌ പതിമൂന്നിലേയ്ക്ക് മണിക്കൂറുകള്‍ കാലെടുത്ത് വെയ്ക്കാന്‍ തുടങ്ങുമ്പോഴെയ്ക്കും ഒരു ഫോണ്‍ കാളിലൂടെ ഞാനറിഞ്ഞു ഇക്കാക്ക ഇനിയില്ല എന്ന്. നേരത്തെ അനുഭവപ്പെട്ട ആ ശക്തമായ തലവേദന “അന്യൂറിസം”എന്ന രോഗമായിരുന്നു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ഇക്കാക്കയ്ക്ക് കഴിഞ്ഞില്ല. വയസ്സാന്‍ കാലത്ത് ആ വലിയ ദുരന്തം താങ്ങാനാകാതെ, രാപകലുകള്‍ ഒരു പോള കണ്ണടയ്ക്കാതെ ഇക്കാക്കയെ ഓര്‍ത്തു കരഞ്ഞുകൊണ്ടിരുന്ന ഉപ്പയ്ക്കും ഉമ്മയ്ക്കും കൂട്ടിരിക്കുമ്പോള്‍, ജീവിതത്തിലെ വളരെ ഇരുളടഞ്ഞ ഒരു പാതയിലായിരുന്നു ഞാന്‍. പിന്നീടെപ്പോഴോ തപ്പിത്തടഞ്ഞ് വീണ്ടും പ്രവാസത്തിന്‍റെ ഒഴിവാക്കാനാകാത്ത തിരക്കുകളിലേയ്ക്കൊഴുകുകയായിരുന്നു. അപ്പോഴും ഒരു വലിയ തീക്കനല്‍ ഉള്ളിലെരിഞ്ഞുകൊണ്ടിരുന്നു. എപ്പോഴെങ്കിലുമൊക്കെ നമ്മളറിയാതെ നമ്മുടെ ശരീരം ആ തീക്കനലില്‍ എരിയാന്‍ തുടങ്ങും. താങ്ങാന്‍ ശക്തമായ കരങ്ങളില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ കത്തിച്ചാമ്പലായേന.

ജീവിതം അങ്ങനെയൊക്കെയാണെങ്കിലും നമുക്ക് മുന്നോട്ട് പോയെ മതിയാകു.