സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് ബാധ്യസ്ഥരെന്ന് എ.പത്മകുമാര്‍

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നാളെയുണ്ടാകും. ഈ സാഹ ചര്യത്തില്‍ പ്രിതകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ടെന്ന് അദ്ദഹം പറഞ്ഞു.

തിരുവനന്ത പുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് പത്മകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിധി എന്ത് തന്നെയായാലും ഭക്തജനങ്ങള്‍ അത് സ്വീകരിക്കാന്‍ തയ്യാറാണം. ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ താല്‍പര്യം. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഭരണ കാലയളവില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.

Loading...

അതേസമയം ശബരിമല യുവതി പ്രവേശന വിധി വന്ന് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞാണ് പുനപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നത്. വിധിക്കെതിരെയുള്ള 56 പുനഃപരിശോധന ഹര്‍ജികളിലും നിരവധി കോടതി അലക്ഷ്യ ഹര്‍ജികളിലും സുപ്രീംകോടതി തീരുമാനം പറയും.

വിധി എന്തുതന്നെ ആയാലും കേരളം ഒറ്റക്കെട്ടായി അംഗീകരിക്കണമെന്ന ആവശ്യവുമായി സിപിഎം. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 56 പുനഃപരിശോധന ഹര്‍ജികളിലാണ് നാളെ കോടതി വിധി പറയുന്നത്.

സുപ്രീംകോടതി വിധി എന്തായാലും അംഗീകരിച്ച് നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനന്തഗോപന്‍ പറഞ്ഞു. ആദ്യം ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള വിധി വന്നപ്പോള്‍ എല്ലാവരും സ്വാഗതം ചെയ്തതാണ്. അത് നടപ്പാക്കരുതെന്നോ ശരിയല്ലെന്നോ ഒരു ഭാഗത്ത് നിന്നും പ്രതികരണം വന്നില്ല. പിന്നീട് കേളത്തിലും പത്തനംതിട്ട ജില്ലയിലും രാഷ്ട്രീയമായി അത് ഉപയോഗപ്പെടുത്താന്‍ പരിശ്രമങ്ങള്‍ വന്നപ്പോഴാണ് മറ്റ് പ്രശ്‌നങ്ങളുണ്ടായത്. അത്തരത്തിലുള്ള അവസ്ഥ ഇപ്പോഴില്ല.

റിവ്യൂ ഹര്‍ജികളില്‍ കോടതി നിയമാനുസൃതം വിധി പറയും. അത് എന്തായാലും അംഗീകരിച്ച് നടപ്പാക്കുക എന്നതാണ് ഉത്തരവാദിത്വം. മണ്ഡലകാലം അടുത്ത് വരുന്ന ഘട്ടത്തിലാണ് വിധി വരുന്നത്. ഒരു കലാപത്തിന്റെ അന്തരീക്ഷത്തിലേക്ക് ബോധപൂര്‍വ്വം കൊണ്ട് പോയാലേ പ്രശ്‌നങ്ങളുണ്ടാകൂ. അല്ലെങ്കില്‍ കലാപമുണ്ടാകില്ല. യുഡിഎഫും പ്രത്യേകിച്ച് ബിജെപിയും രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഇടപെടലുകളാണ് കലാപ അന്തരീക്ഷം സൃഷ്ടിച്ചത്. സിപിഎം എക്കാലത്തും വിശ്വാസികളുടെ പാരമ്പര്യങ്ങള്‍ക്ക് എതിരല്ലെന്നും സിപിഎം അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.