ഏ.ആര്‍.നഗര്‍. ഹൈവേ അലൈന്‍മെന്റിന് പിന്നിലെ രാഷ്ട്രീയ ഗൂഡാലോചന

വേറിട്ട ശബ്ദം

തിരൂരങ്ങാടി: ആവശ്യത്തിന്‌ സ്‌ഥമുണ്ടായിട്ടും ദേശീയപാത വികസനത്തിനുള്ള പുതിയ അലൈന്‍മെന്റ്‌ ജനവാസ കേന്ദ്രത്തിലൂടെ തയ്യറാക്കിയ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു . അരീത്തോട്‌ മുതല്‍ വലിയപറമ്പ്‌ വരെയുള്ള ഭാഗങ്ങളില്‍ നിലവിലെ പാതയില്‍ സ്‌ഥലമുണ്ടായിട്ടും ജനവാസ കേന്ദ്രത്തിലൂടെയാണ്‌ അലൈന്‍മെന്റ്‌ തയ്യാറാക്കിയിട്ടുള്ളത്‌.

വേങ്ങര നിയോജക മണ്ഡലത്തില്‍ ഉള്‍പെട്ട ഏ.ആര്‍.നഗര്‍. പഞ്ചായത്തിലെ ഏതാനും ചില രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ സഹപ്രവര്‍ത്തകരായ ഇതര പാര്‍ട്ടിയുടെ മെമ്പര്‍മാരോട് ചെയ്ത രാഷ്ട്രീയ പകപോക്കലാണ് അരീതോട് വലിയപറമ്പ് ഹൈവേയുടെ അശാസ്ത്രീയമായ അലൈന്‍മെന്റിനു പിന്നില്‍.

കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ ജില്ലാകലക്ടര്‍ പഞ്ചായത്തിന് നല്‍കിയ പുതിയ അലൈന്‍മെന്റ് രേഖ പ്രതിപക്ഷത്തില്‍ നിന്നും 2018 മാര്‍ച്ച് മാസം വരെ മറച്ചുവെച്ചതില്‍ നിന്നും ഇത് വ്യക്തമാണ്. ഇത് പഞ്ചായത്ത് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യാനോ, ഇതിന്റെ ഇരകളുമായി സംസാരിക്കാനോ പോലും ഭരണപക്ഷം മുതിര്‍ന്നില്ല എന്ന് മാത്രമല്ല, സ്വയം തീരുമാനിച്ച് പ്രസിഡന്റും സെക്രട്ടറിയും വൈസ്പ്രസിഡന്റും ഒപ്പിട്ട് സമ്മതപത്രം കലക്ടര്‍ക്ക് കൈമാറുകയായിരുന്നു. ഭരണപക്ഷത്തിന്റെ ഏകപക്ഷീയമായ ഈ നടപടിക്കെതിരെ പഞ്ചായത്തില്‍ ജനകീയ രോഷം ഉയരുകയും പഞ്ചായത്ത് ഉപരോധിക്കുകയും ഇപ്പോള്‍ ഹൈവേയില്‍ സമരപ്പന്തല്‍ ഉയരുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നത്തോട് ആദ്യം മുഖം തിരിച്ച സ്ഥലം എംഎല്‍എ കെഎന്‍എ ഖാദറും ജനരോഷത്തിന്റെ കൈപ്പറിഞ്ഞ് പിന്നീട് അവിടം സന്ദര്‍ശിക്കുകയായിരുന്നു.

എല്ലാ വഴിവിട്ട ഇടപാടുകളിലും രാഷ്ട്രീയം മറന്ന് ഭരണപക്ഷത്തോടൊപ്പം നിന്നിരുന്ന പ്രതിപക്ഷ മെമ്പര്‍മാര്‍ക്കിട്ട് ഇങ്ങനെ ഒരു എട്ടിന്റെ പണി പിന്നണിയില്‍ നടക്കുന്നത് അവരും അറിഞ്ഞില്ല. മമ്മുട്ടിയുടെ ‘പ്രമാണി’ എന്ന സിനിമയുടെ തിരക്കഥ ഇവിടെ പ്രാവര്‍ത്തികമാക്കുകയായിരുന്നു ഫലത്തില്‍ ഭരണപക്ഷം ചെയ്തത്.

വലിയപറമ്പിലെ ഒന്നാം വാര്‍ഡിലെ ഇടത്പക്ഷ മെമ്പറേയും നാല് സഹോദരന്‍മാരേയും അവരുടേ തന്നെ വ്യാപാര സ്ഥാപനങ്ങളേയും ലക്ഷ്യം വെച്ച് ഒപ്പിട്ട സമ്മതപത്രം അവസാനം ചെന്ന കൊണ്ടത് അരീതോട് മുതല്‍ വലിയപറമ്പ് വരെയുള്ള പല പാവങ്ങളുടേയും നെഞ്ചത്തായിരുന്നു. ഈ തിരിച്ചറിവ് ഭരണപക്ഷത്തിന് മനസ്സിലായപ്പോഴേക്കും വളരേ വൈകിപ്പോയിരുന്നു. ഇനിയുള്ള സമരങ്ങളും പ്രതിഷേധങ്ങളും വെറും പ്രഹസനങ്ങള്‍ മാത്രമാണ്.

സംസഥാന സര്‍ക്കാര്‍ അംഗീകരിച്ച് ഡല്‍ഹിക്കയച്ച, ഇപ്പോള്‍ സര്‍വ്വേ അളവ് നടക്കുന്ന ആ അലൈന്‍മെന്റ് രൂപരേഖ ഇനിയൊരിക്കലും മാറിമറിയാന്‍ പോകുന്നില്ല എന്ന തിരിച്ചറിവ് അതിന്റെ ഇരകളില്‍ ഉണ്ടാക്കിയേക്കാവുന്ന ആഘാതം ചെറുതൊന്നുമാവില്ല.

രാഷ്ട്രീയ മേലാളന്‍മാരോട് ഒന്നേ പറയാനൊള്ളൂ. വെറുതേ ബാലിശമായ പ്രതീക്ഷകള്‍ നല്‍കി ആ പാവങ്ങളെ ഇനിയും പറ്റിക്കരുത്. അവരോട് സത്യാവസ്ഥ തുറന്ന് പറയണം. നിങ്ങളുടെയൊക്കെ വാചകക്കസര്‍ത്തുകള്‍ ജനങ്ങളെ പറ്റിക്കാനാണെന്ന് ജനങ്ങള്‍ക്കറിയാം. ഇനിയും അത് തുടരേണ്ടതില്ല. ഇതെല്ലാം നിങ്ങളും അറിഞ്ഞുകൊണ്ടാണ് എന്ന് ജനങ്ങള്‍ മനസ്സിലാക്കികഴിഞ്ഞു.

ആ പാവങ്ങളെ ഇനിയും പറഞ്ഞ് പറ്റിക്കാതിരിക്കുക. ഒരിക്കലും നടക്കില്ല എന്നറിഞ്ഞുകൊണ്ട് അവര്‍ക്ക് കപട വാഗ്ദാനങ്ങളും പ്രതീക്ഷയും നല്‍കാതിരിക്കുക. ഇനി നിങ്ങളാല്‍ കഴിയുന്ന ഏക സഹായം ആ പാവങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങിച്ച് കൊടുക്കുക എന്നതാണ്. അതിലെങ്കിലും ആ പാവങ്ങളെ പറ്റിക്കാതെ അവരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരാന്‍ ശ്രമിക്കാതെ എത്രയും പൊട്ടൊന്ന് അത് അവരിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.

ഇല്ലെങ്കില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറം വോട്ടും ചോദിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരെ അവരെ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ നിങ്ങളെ ചൂലെടുത്ത് ആട്ടിയോടിക്കും. ഇത് അവിടുത്തെ സാധരണക്കാരന്റെ വികാരമാണ്. അല്‍പമെങ്കിലും ജനങ്ങളോടൊപ്പം നിന്നുകൂടെ നേതാക്കളേ നിങ്ങള്‍ക്ക്? നിങ്ങളുടെ എല്ലാ കൊള്ളരുതായ്മകള്‍ക്കും എല്ലാം മറന്ന് ജയ് വിളിക്കുന്നവരാണ് ആ ജനങ്ങള്‍ എന്ന് നിങ്ങളിനിയെങ്കിലും ഓര്‍ക്കണം. അവരെ വിസ്മരിച്ചുള്ള രാഷ്ട്രീയ പകപോക്കലുകള്‍ നിങ്ങളുടെ അപചയത്തിലേ കലാശിക്കൂ എന്നോര്‍ക്കുക.

Top