ബോളിവുഡിൽ തനിക്കെതിരെ ഗുഢസംഘം പ്രവർത്തിക്കുന്നു: അപവാദ പ്രചാരണങ്ങൾ പരത്തി തൊഴിൽ അവസരങ്ങൾ നിഷേധിക്കുന്നു: തുറന്നു പറഞ്ഞ് എ ആർ റഹ്മാൻ

ബോളിവുഡിൽ തനിക്കെതിരെ സംഘടിത നീക്കമെന്ന് തുറന്നു പറഞ്ഞ് സംഗീത ഇതിഹാസം എ.ആർ.റഹമാൻ. കഴിഞ്ഞ ദിവസം റിലീസായ സുശാന്ത് സിങ് രാജ്പുത്തിന്റെ അവസാന ചിത്രം ദിൽ ബേചാരെയുടെ പ്രമോഷനിനിടെയാണു ഹിന്ദി സിനിമയിലെ വിവേചനത്തിനെതിരെ റഹ്മാൻ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. തനിക്ക് വരുന്ന പാട്ടുകളെ ചിലർ ഇടപെട്ട് വിലക്കുകയാണെന്നും എനിക്കെതിരെ അപവാദ പ്രചാരണങ്ങൾ പരത്തി തൊഴിൽ അവസരങ്ങൾ നിഷേധിക്കുകയാണെന്നും എ ആർ റഹ്മാൻ തുറന്നടിച്ചു.

അടുത്തകാലത്തായി ബോളിവുഡിൽ വളരെക്കുറച്ച് സിനിമകളില്‍ മാത്രമേ ഞാൻ ഭാഗമായിട്ടുള്ളൂവെന്നും എനിക്കെതിരെ തെറ്റായ പ്രചരണങ്ങളുമായി ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും റഹ്മാൻ പറഞ്ഞു. ദിൽ ബേചാര എന്ന സിനിമയ്ക്കായി സംവിധായകൻ മുകേഷ് ഛബ്ര എന്നെ സമീപിക്കുകയായിരുന്നുവെന്നും രണ്ടു ദിവസത്തിനുള്ളിൽ നാല് പാട്ടുകൾക്കു ഞാൻ ഈണം നൽകിയെന്നും റഹ്മാൻ പറയുന്നു. അദ്ദേഹം എന്നോടു കുറേ കഥകൾ പറഞ്ഞു. റഹ്മാനു പിന്നാലെ പോകേണ്ടെന്ന് പലരും അദ്ദേഹത്തോടു പറഞ്ഞുവെന്നും റഹ്മാൻ വെളിപ്പെടുത്തി. എന്തുകൊണ്ടാണ് നല്ല സിനിമകൾ എന്നെ തേടി വരാത്തതെന്ന് ഒന്നാലോചിച്ചപ്പോൾ തന്നെ എനിക്കു മനസ്സിലായി. ആളുകൾ എന്നിൽ നിന്നും ഹിറ്റുകൾ പ്രതീക്ഷിക്കുന്നു. എനിക്കെതിരെ പലരും പ്രവർത്തിക്കുകയും ചെയ്യുന്നു. ഞാൻ വിധിയിലും ഈശ്വരനിലും വിശ്വസിക്കുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാകാൻ എന്നും ശ്രമിക്കുന്നുമുണ്ടെന്നും എ.ആർ.റഹ്മാൻ വെട്ടിത്തുറന്ന് പറഞ്ഞു.

Loading...

ബോളിവുഡ് സിനിമയ്ക്കായി എന്തുകൊണ്ട് കൂടുതൽ പാട്ടുകൾ ചെയ്യുന്നില്ലെന്ന പ്രഷകരുടെ സംശയങ്ങൾക്കാണ് റഹ്മാൻ വിശദീകരണം നൽകിയത്. ഒരു സിനിമയോടും താൻ നോ പറഞ്ഞിട്ടില്ല. പക്ഷേ തനിക്കെതിരെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ തനിക്കെതിരെ തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്നും റഹ്മാൻ വിശദീകരിച്ചു. സുശാന്ത് സിംഗ് രജ്പുത് അവസാനമായി അഭിനയിച്ച ദിൽ ബേച്ചാരയിൽ ഒൻപത് പാട്ടുകൾ എ ആർ റഹ്മാൻ കംബോസ് ചെയ്തിരുന്നു. തനിക്കെതിരെ സംഘടിത ശ്രമം നടക്കുന്നതായി ചിത്രത്തിന്റെ സംവിധായകൻ മുകേഷ് ഛബ്രയും പറഞ്ഞതായി റഹ്മാൻ പറയുന്നു. തന്റെ അടുത്തേക്ക് വരരുതെന്ന് പറഞ്ഞ് മുകേഷ് ഛബ്രയെ ചിലർ വിലക്കിയതായി അദ്ദേഹം പറഞ്ഞു.‌ എ.ആർ.റഹ്മാന്റെ ഈ വെളിപ്പെടുത്തൽ ഇപ്പോൾ വലിയ ചർച്ചകൾക്കു വഴിവച്ചിരിക്കുകയാണ്. പ്രമുഖരുൾപ്പെടെ നിരവധി പേർ അദ്ദേഹത്തിനു പിന്തുണയുമായി രംഗത്തെത്തി.