പാലക്കാട്. അഞ്ച് ദിവസത്തിനിടെ പാലക്കാട് നഗരത്തിലെ രണ്ടിടങ്ങളിലായി യുവതിയും യുവാവും ആത്മഹത്യ ചെയ്തത് അമിത ലഹരി ഉപയോഗത്തെത്തുടര്‍ന്ന് ഉണ്ടായ മാനസിക സംഘര്‍ഷം മൂലമെന്ന് പോലീസ്. അതേസമയം വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നിലും ലഹരിയാണ്. യുവാവിന്റെയും യുവതിയുടെയും മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറയുന്നു.
അതേസമയം കണ്ണാടിയില്‍ 19 കാരന്റെ ആത്മഹത്യ ലഹരി മാഫിയയുടെ കെണിയില്‍പ്പെട്ടാണെന്ന് തെളിഞ്ഞു. പതിവ് ലഹരി ഉപയോഗത്തിന് രക്ഷിതാക്കളോട് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുള്ള കലഹത്തിനൊടുവില്‍ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ പരിശോധനയില്‍ പുതിയ തരം ലഹരി വസ്തുക്കള്‍ പതിവായി ഉപയോഗിക്കുന്നതായി തെളിഞ്ഞു. അതേസമയം പാലക്കാട് നഗരപരിതിയില്‍ തൂങ്ങിമരിച്ച ഇരുപതുകാരിയും ലഹരിക്കടിമയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ലഹരി കിട്ടാത്തതിനെ തുടര്‍ന്ന് ഉണ്ടായ മാനസിക സംഘര്‍ഷമാണ് മരണത്തിലേക്ക് എത്തിച്ചതെന്നാണ് പോലീസ് നിഗമനം. ഇതിന് പുറമേയാണ് സ്‌കൂള്‍ വിദ്യാര്‍ഥിനി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്. മരിച്ചവരുടെയും ആത്മഹത്യ ശ്രമം നടത്തിയ വിദ്യാര്‍ഥിനിയുടെയും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളുല്‍ നിന്നും പോലീസ് മൊഴിയെടുത്തു. ഇവര്‍ക്ക് ലഹരി കൈമാറിയവരും നിരീക്ഷണത്തിലാണ്.