കെഎം ഷാജി കള്ളപ്പണക്കാരൻ, എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് എഎ റഹിം

കൊല്ലം: കെ.എം. ഷാജി കള്ളപ്പണക്കാരനാണെന്നും എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ഡിവൈഎഫ്ഐ. ഇഡിയുടെ അന്വേഷണം നേരിടുന്ന കെ.എം. ഷാജി എംഎല്‍എക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഡിവൈഎഫ്ഐ ഉന്നയിച്ചത്. ഷാജിയുടെ ആസ്തിയിലുണ്ടായ വന്‍ വര്‍ധനയുടെ ഉറവിടം വെളിപ്പെടുത്തണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം ആവശ്യപ്പെട്ടു.

2016ല്‍ നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 47 ലക്ഷം രൂപയാണ് തന്റെ ആസ്തിയായി കെ.എം. ഷാജി കാണിച്ചത്. മൂന്നുമാസത്തിനുശേഷം വേങ്ങേരി വില്ലേജ് ഓഫിസര്‍ ഷാജിയുടെ വീട് അളന്നു. ഷാജിവച്ച വീടിന് നാലുകോടി രൂപ വിലമതിക്കും. ഈ പണം ഇഞ്ചികൃഷിയില്‍നിന്നു കിട്ടിയതാണെങ്കില്‍ അക്കാര്യം തിര‍ഞ്ഞെടുപ്പു കാലത്തെ സത്യവാങ്മൂലത്തില്‍ കാണിക്കാത്തതെന്തെന്നും റഹിം ചോദിച്ചു.

Loading...

മൂന്നു നിലകളിലായി 5660 ചതുരശ്രയടിയില്‍വച്ച വീടിന് പിഡബ്ല്യുഡി റേറ്റ് കണക്കാക്കിയാല്‍ തന്നെ നാലുകോടിയിലേറെ രൂപ ചെലവാകുമെന്ന് എ.എ. റഹിം പറഞ്ഞു. ഇക്കാലയളലില്‍ തന്റെ ആസ്തിവകകള്‍ ഷാജി പണയപ്പെടുത്തിയിട്ടില്ല.

അനധികൃത സ്വത്ത് സമ്പാദിക്കുന്നതുകൊണ്ടാണ് കെ.എം.ഷാജി മോദി സ്തുതി നടത്തുന്നത്. ഷാജിയുടെ ആസ്തി സംബന്ധിച്ച് പാണക്കാട് തങ്ങളും മുസ്‍ലിം ലീഗും നിലപാട് വ്യക്തമാക്കണം. ഷാജിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധസമരങ്ങള്‍ നടത്തുമെന്നും എ.എ.റഹിം പറഞ്ഞു. ഇഞ്ചി കൃഷി നടത്തിയാണ് വീടുവയ്ക്കാന്‍ പണം കിട്ടിയെന്ന് പറയുന്ന ഷാജി അക്കാര്യം സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ബാങ്കുവഴിയാണ് ഇത്രയും തുക കൈമാറിയതെങ്കില്‍ അതിന്റെ രേഖ എവിടെയെന്നും റഹിം ചോദിച്ചു.