ന്യൂഡല്‍ഹി: അരവിന്ദ് കേജ്‌റിവാളിന്റെ ഇഷ്ടക്കാരെ മാത്രം ഉള്‍പ്പെടുത്തി മുഖ്യ വക്താവിനെയും ടെലിവിഷന്‍ ചര്‍ച്ചകളിലെ പാര്‍ട്ടിയിയുടെ സ്ഥിരം മുഖങ്ങളെയും ഒഴിവാക്കി ആം ആദ്‌മി പാര്‍ട്ടി വക്താക്കളുടെ 21 അംഗ പാനല്‍ രൂപവത്കരിച്ചു.

തുടക്കം മുതല്‍ പാര്‍ട്ടിയുടെ മുഖ്യവക്താവായി പ്രവര്‍ത്തിച്ചു വരുന്ന പ്രഫ. യോഗേന്ദ്ര യാദവ്, വക്താക്കളായ അഡ്വ. പ്രശാന്ത് ഭൂഷണ്‍, അതിഷി മര്‍ലേന എന്നിവരെയാണ് ഒഴിവാക്കിയത്.

Loading...

ചൊവ്വാഴ്ച രാത്രിയാണ് യോഗേന്ദ്ര യാദവിനെ മുഖ്യ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഡല്‍ഹി തെരഞ്ഞെടുപ്പ് സമയത്ത് ടെലിവിഷന്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ മുഖമായിരുന്ന അതിഷി മര്‍ലേന നേതാക്കള്‍ തമ്മിലെ പിണക്കസമയത്ത് നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്.

സഞ്ജയ് സിങ്, കുമാര്‍ വിശ്വാസ്, പങ്കജ് ഗുപ്ത, ഇല്യാസ് ആസ്മി, അശുതോഷ്, ആശിഷ് ഖേതാന്‍, ദിലീപ് പാണ്ഡെ, അഡ്വ. എച്ച്.എസ്. ഫൂല്‍ക്ക, ഭഗവന്ത് മാന്‍, സൗരഭ് ഭരദ്വാജ്, രാഹുല്‍ മെഹ്റ, ആദര്‍ശ് ശാസ്ത്രി, പ്രീതി ശര്‍മ മേനോന്‍, നിഷികാന്ത് മൊഹാപത്ര, അല്‍കാ ലമ്പ, കപില്‍ മിശ്ര, റിച്ചാ പാണ്ഡെ മിശ്ര, രാഘവ് ഛദ്ദ, അലോക് അഗര്‍വാള്‍ എന്നിവരടങ്ങുന്നതാണ് പാനല്‍. ദീപക് വാജ്പേയി ആണ് മാധ്യമവിഭാഗം കോഓഡിനേറ്റര്‍. നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ഗുല്‍ പനാഗിനെയും വക്താവാക്കുന്ന കാര്യം പരിഗണനയിലുണ്ട്.