ദില്ലി: വോട്ടര്‍മാര്‍ക്ക് ബിജെപി എംപി ഗിരിരാജ് സിംഗ് പണവും മദ്യവും വിതരണം ചെയ്‌തെന്ന ആരോപണവുമായി ആംആദ്മി . ആംആദ്മി എംപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.റിത്താലയില്‍ വോട്ടര്‍മാര്‍ക്ക് കേന്ദ്രമന്ത്രി പണം നല്‍കിയെന്നും എംപിമാര്‍ പലയിടങ്ങളിലും വോട്ടര്‍മാര്‍ക്ക് പണവും മദ്യവും വിതരണം ചെയ്തെന്നുമാണ്. സഞ്ജയ് സിംഗ് ഉന്നയിക്കുന്ന ആരോപണം.
വെള്ളിയാഴ്ച വൈകിട്ടാണ് സഞ്ജയ് സിംഗ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗിരിരാജ് സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചില പ്രദേശങ്ങളില്‍ പണം വിതരണം ചെയ്യുന്നുവെന്ന വിവരം ലഭിച്ചതോടെ 272 വാര്‍ഡുകളിലായി 272 സംഘങ്ങളെ നിരീക്ഷണത്തിനായി നിയോഗിച്ചതായും ആപ്പ് പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സഞ്ജയ് സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ എംപി തങ്ങുന്നുവെന്ന വിവരവും ലഭിച്ചിരുന്നു. സ്റ്റിംഗ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെന്നും സിംഗ് ചൂണ്ടിക്കാണിച്ചു. ശനിയാഴ്ച വോട്ടിംഗ് നടക്കാനിരിക്കെ വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ ദില്ലിയില്‍ പ്രചാരണം അവസാനിച്ചിരുന്നു.
വോട്ടര്‍മാര്‍ക്ക് പണമോ മദ്യമോ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരമറിയിക്കാന്‍ ആപ്പ് വാട്സ്ആപ്പ് നമ്പറും നല്‍കിയിരുന്നു. ഫെബ്രുവരി നാല് മുതല്‍ എട്ട് വരെയുള്ള കാലയളവിനുള്ളില്‍ ബിജെപിയുടെ 240 എംപിമാരും വിവിധ നിയമസഭാ മണ്ഡലങ്ങളിലായി താമസിച്ച് വരികയാണെന്നാണ് പുറത്തുവന്നിട്ടുള്ള മറ്റൊരു വാര്‍ത്ത. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച സാഹചര്യത്തില്‍ ദില്ലി സ്വദേശിയല്ലെങ്കില്‍ ഒരു എംപിക്കോ ക്യാബിനറ്റ് മന്ത്രിമാര്‍ക്കോ ദില്ലിയില്‍ തങ്ങാന്‍ കഴിയില്ലെന്നും സിംഗ് പറയുന്നു. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
രാജ്യ തലസ്ഥാനം ഇക്കുറി ആര് ഭരിക്കുമെന്ന് അറിയാന്‍ മൂന്ന് നാള്‍ കൂടി കാത്തിരിക്കേണ്ടതുണ്ട്. പുറത്തുവന്ന അഭിപ്രായ സര്‍വ്വേകളില്‍ പ്രതീക്ഷ പുലര്‍ത്തുകയാണ് ആംആദ്മി. സീറ്റുകള്‍ കുറയാന്‍ സാധ്യയുണ്ടെങ്കിലും ആംആദ്മിക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്.
അതേസമയം 15 വര്‍ഷം ഭരിച്ച സംസ്ഥാനത്ത് ഇത്തവണ വലിയൊരു തിരിച്ചുവരവ് നടത്താനാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ രാജ്യ തലസ്ഥാനത്ത് ആം ആദ്മിയെ മലര്‍ത്തിയടിച്ച് ഇക്കുറി അധികാരം പിടിക്കാനാകുമെന്ന് ഉറപ്പിച്ച് പറയുകയാണ് ബിജെപി. പാര്‍ട്ടിയുടെ പ്രതീക്ഷ ഉയര്‍ത്തുന്ന ഘടകങ്ങള്‍ ഇതാണ്.
ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇക്കുറി വന്‍ പ്രചരണമാണ് ദില്ലിയില്‍ ബിജെപി നടത്തിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാതെയായിരുന്നു ബിജെപിയുടെ പ്രചരണങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളാണ് ദില്ലിയില്‍ ബിജെപിക്കായി പ്രചരണം നടത്തിയത്.ഇത്തവണ ദില്ലിയില്‍ സര്‍പ്രൈസ് ഉണ്ടാകുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. 40 പ്ലസ് സീറ്റുകള്‍ ഇത്തവണ നേടാനാകുമെന്ന് ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍. പ്രചരണത്തിന്‍റെ തുടക്കത്തില്‍ ആംആദ്മിക്ക് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ സാഹചര്യം മാറിയെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.