ന്യൂഡല്‍ഹി: കര്‍ഷകന്റെ ആത്മഹത്യ ജനപിന്തുണ നേടിയെടുക്കാന്‍ ആം ആദ്‌മി പാര്‍ട്ടി നടത്തിയ ഒരു കൊലപാതകമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ നടന്ന റാലിക്കിടെ ആത്മഹത്യ ചെയ്യാനൊരുങ്ങിയ ഗജേന്ദ്ര സിങ്ങിനെ അതില്‍ നിന്ന് തടയുന്നതിനു പകരം ജനക്കൂട്ടം കൈയ്യടിച്ചു പ്രോല്‍സാഹിക്കുകയാണുണ്ടായതെന്ന് പോലീസ് റിപ്പോര്‍ട്ട്. കൂടാതെ സിങ്ങിനെ ആശുപത്രിയിലെത്തിക്കാനുള്ള പൊലീസിന്റെ നീക്കത്തെയും റാലിക്കെത്തിയവര്‍ തടഞ്ഞു. ഡല്‍ഹി പൊലീസിന്റെ സുരക്ഷ നിര്‍ദേശങ്ങള്‍ പ്രവര്‍ത്തകര്‍ അവഗണിച്ചുവെന്നും കമ്മിഷണര്‍ ബി.എസ്. ബസ്സി പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തോട് സഹകരിക്കില്ലെന്നും ബസ്സി കൂട്ടിച്ചേര്‍ത്തു.
റാലിയില്‍ പങ്കെടുക്കാന്‍ നിരവധിപ്പേര്‍ എത്തുമെന്നതിനാല്‍ സ്‌ഥലം മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എഎപി നേതൃത്വം അതിനു തയാറായില്ലെന്നും ബസ്സി വ്യക്‌തമാക്കി. അതേസമയം, റാലിയുടെ സംഘാടകര്‍ക്ക് പൊലീസ് നോട്ടീസയച്ചിട്ടുണ്ട്. സംഭവത്തില്‍ എഎപി നേതാക്കളെയും ചോദ്യം ചെയ്യും. ഗജേന്ദ്ര സിങ്ങിന്റെ ആത്മഹത്യയ്ക്കു പിന്നല്‍ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ആരോപിച്ചു.
സംഭവത്തില്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഉന്നതാന്വേഷണത്തിനു കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്തിനെക്കാളും വലുതാണ് മനുഷ്യജീവന്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. കര്‍ഷകരുടെ പ്രശ്നത്തില്‍ എല്ലാവരും ഒറ്റക്കെട്ടാവണമെന്നും നരേന്ദ്രമോഡി പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ ബില്‍ സംബന്ധിച്ച് എല്ലാവരുടെയും അഭിപ്രായം തേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആത്മഹത്യചെയ്ത രാജസ്ഥാന്‍ സ്വദേശിയായ ഗജേന്ദ്രര്‍ സിങിന്റെ മൃതദേഹം സ്വദേശമായ ദൗസയില്‍ സംസ്ക്കരിച്ചു. വിലാപയാത്രയായാണ് മൃതദേഹം ദൗസയില്‍ എത്തിച്ചത്.