ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍ സ്വപ്നം തകര്‍ത്തത് ഡിവില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍ സ്വപ്നം തകര്‍ത്തത് ഡിവില്ലിയേഴ്‌സിന്റെ ആ കൈപ്പിഴ. ക്യാപ്റ്റനും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡറും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളായ എബി ഡിവില്ലിയേഴ്‌സ് കോറി ആന്‍ഡേഴ്‌സനെ റണ്ണൗട്ടാക്കാന്‍ ലഭിച്ച ആ സുവര്‍ണാവസരം നഷ്ടമാക്കിയിരുന്നില്ലെങ്കില്‍ മല്‍സരത്തിന്റെ ഗതി മറ്റൊന്നായേനെ. 31.3 ഓവറില്‍ നോണ്‍ സ്‌ട്രൈക്കറായി നില്‍ക്കുകയായിരുന്ന കോറി ആന്‍ഡേഴ്‌സന്‍. ഗ്രാന്റ് എലിയട്ടടിച്ച ബോളിനായി ഓടിയെങ്കിലും എലിയട്ട് ഓടാന്‍ തയാറായില്ല. ആന്‍ഡേഴ്‌സന്‍ തിരികെ നോണ്‍സ്‌ട്രൈക്ക് എന്‍ഡിലേക്ക്. അവിടെ ഡിവില്ലിയേഴ്‌സിലേക്ക് ത്രോ എത്തുമ്പോള്‍ ആന്‍ഡേഴ്‌സന്‍ പാതിവഴിയിലായിരുന്നു. എന്നാല്‍ പന്ത് കളക്ട് ചെയ്യുന്നതില്‍ വീഴ്ച പറ്റിയ ഡിവില്ലിയേഴ്‌സിന്റെ കൈ തട്ടി ബെയ്ല്‍സ് തെറിച്ചു. വീണ്ടും റണ്ണൗട്ടാക്കാന്‍ അവസരമുണ്ടായെങ്കിലും ഡിവില്ലിയേഴ്‌സിന് അത് മുതലെടുക്കാനായില്ല. അപ്പോള്‍ ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ 204 ന് 4 എന്നായിരുന്നു. അവര്‍ക്ക് ജയിക്കാന്‍ 11.3 ഓവറില്‍ 94 റണ്‍സ് വേണമായിരുന്നു. ഡിവില്ലിയേഴ്‌സ് പാഴാക്കിയത് വെറുമൊരു റണ്ണൗട്ട് അവസരം മാത്രമായിരുന്നില്ല, ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോകകപ്പ് ഫൈനല്‍ബെര്‍ത്ത് കൂടിയായിരുന്നുവെന്നത് യാദൃശ്ചികമായി. കിട്ടിയ ലൈഫ് മുതലാക്കിയ ആന്‍ഡേഴ്‌സന്‍ 58 റണ്‍സ് നേടി ന്യൂസിലന്‍ഡിനെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റി.

cricketer-AB-de-Villiers_450x600

Loading...

ഈ ലോകകപ്പില്‍ അവര്‍ തോറ്റ സെമിയില്‍ ഉള്‍പ്പടെ ഗംഭീര ബാറ്റിംഗ് പ്രകടനമാണ് ഡിവില്ലിയേഴ്‌സ് നടത്തിയത്. റണ്‍വേട്ടക്കാരില്‍ മുന്‍നിരയില്‍ എത്താനും അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ മറ്റൊരു കലമുടയ്ക്കലിന് പ്രധാന കാരണക്കാരനായതും ഡിവില്ലിയേഴ്‌സാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ഡിവില്ലിയേഴ്‌സ് മാത്രമായിരുന്നില്ല, പൊതുവെ മികച്ച ഫീല്‍ഡര്‍മാരെന്ന് അറിയപ്പെടുന്ന ദക്ഷിണാഫ്രിക്കക്കാര്‍ക്ക് ഇന്ന് തൊട്ടതെല്ലാം പിഴച്ചു.

നാല്‍പതാം ഓവറില്‍ വിജയശില്‍പിയായ എലിയട്ടിനെ റണ്ണൗട്ടാക്കാനുള്ള അവസരവും ദക്ഷിണാഫ്രിക്ക തുലച്ചു. എലിയട്ട് അപ്പോള്‍ 63 റണ്‍സിലായിരുന്നു. റൂസോയുടെ ത്രോ കളക്ട് ചെയ്യുന്നതില്‍ ഡികോക്കിന് പിഴച്ചു. പിന്നീട് കണ്ടത് ചരിത്രം. ഒരു പന്ത് ശേഷിക്കേ സിക്‌സര്‍ പറത്തി എലിയട്ട് ന്യൂസിലന്‍ഡിനെ ഫൈനലിലെത്തിച്ചു. 84 റണ്‍സോടെ പുറത്താകാതെ നിന്ന എലിയട്ടാണ് ന്യൂസിലന്‍ഡിന്റെ വിജയ ശില്‍പി. 26 ബോളില്‍ 59 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലം സ്വപ്നതുല്യമായ തുടക്കമാണ് ന്യൂസിലന്‍ഡിന് നല്‍കിയത്. എട്ടു ഫോറും നാലു സിക്‌സറുകളും സഹിതമായിരുന്നു മക്കല്ലത്തിന്റെ കലിപൂണ്ട ബാറ്റിങ്.

മഴനിയമമാണ് ഇത്തവണയുെ ദക്ഷിണാഫ്രിക്കയെ ചതിച്ചത്. 38ാമത്തെ ഓവറില്‍ മൂന്നു വിക്കറ്റിന് 216 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് മഴമൂലം കളി നിര്‍ത്തിവച്ചത്. മികച്ച ഫോമില്‍ ഡ്യൂപ്‌ളെസിസും( 82), ഡിവില്ലിയേഴ്‌സും ( 60 ) കളിക്കുമ്പോഴാണ് നിര്‍ഭാഗ്യമായി മഴയെത്തിയത്. മഴകഴിഞ്ഞ് കളിതുടങ്ങി ആദ്യ ബോളില്‍തന്നെ ഡ്യൂപ്‌ളെസിസ് ഔട്ടായി. 43 ഓവറില്‍ 281 റണ്‍സെടുത്തെങ്കിലും ടാര്‍ജറ്റ് 298 ആയി നിശ്ചയിച്ചു. ഏഴോവര്‍ നഷ്ടപ്പെട്ടപ്പോള്‍ ലഭിച്ചത് 17 റണ്‍സ് മാത്രം.

1992 ല്‍ ലോകക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ആദ്യ ലോകകപ്പില്‍ ഇംഗ്‌ളണ്ടിനെതിരായ സെമി ഫൈനലില്‍ 13 ബോളില്‍ 22 റണ്‍സ് നേടണമെന്ന നിലയില്‍ മഴയെത്തി. മഴകഴിഞ്ഞ് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം നിശ്ചയിച്ച ടാര്‍ഗറ്റ് ഒരു ബോളില്‍ 22 റണ്‍സ്. കണ്ണീരോടെ ദക്ഷിണാഫ്രിക്ക മടങ്ങി.

1999 ലെ ലോകകപ്പില്‍ നാലു ബോളില്‍ ഒരു റണ്‍സ് നേടേണ്ടിയിരിക്കെ ദൗര്‍ഭാഗ്യകരമായ റണ്ണൗട്ടോടെ ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനല്‍ ടൈയായി. മുന്റൗണ്ടിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയ ഫൈനലില്‍ പ്രവേശിച്ചു.

ഈ ലോകകപ്പിലും മഴ വില്ലനായി ഒപ്പം ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സും, തുടര്‍ച്ചയായി ക്യാച്ചുകള്‍ കൈവിടുകയും റണ്ണൗട്ടുകള്‍ പാഴാക്കുകയും ചെയ്ത ടീമംഗങ്ങളും.