കോണ്‍ഗ്രസില്‍ നിന്നും പുറത്തായ എപി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്കെന്ന് ശക്തമായ സൂചനകള്‍. ഡല്‍ഹിയില്‍ ഉള്ള അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെടുകയും ചെയ്തതായിട്ടാണ് വിവരം. പ്രധാനമന്ത്രിക്ക് പിന്നാലെ ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുമായും കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണ്. നേരത്തേ കോണ്‍ഗ്രസില്‍ നിന്നും പുറത്തായപ്പോള്‍ തന്നെ അബ്ദുള്ളക്കുട്ടി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.
ഇന്ന് 12 മണിയോടെയായിരുന്നു അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. എത്രയും വേഗത്തില്‍ ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. സന്ദര്‍ശനത്തില്‍ താന്‍ യോഗാദിനത്തില്‍ പങ്കാളി ആയ വിവരം അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ അറിയിക്കുകയും അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കായി അബ്ദുള്ളക്കുട്ടി സമയം ചോദിച്ചിരിക്കുകയാണ്. നേരത്തേ നരേന്ദ്രമോഡിയുടെ വികസനമാതൃകയെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. നേരത്തേ സിപിഎം പ്രവര്‍ത്തകനായിരുന്ന അബ്ദുള്ളക്കുട്ടി അവിടെ നിന്നുമായിരുന്നു കോണ്‍ഗ്രസില്‍ എത്തിയത്.
അന്ന് ബിജെപി സംസ്ഥാന നേതൃത്വവുമായി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയതായും ഉടന്‍ തന്നെ ബിജെപിയില്‍ ചേരുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. സംസ്ഥാനത്ത് കാര്യമായി പരിഗണന കിട്ടാതായതോടെ കര്‍ണാടക വഴി ബിജെപിയില്‍ എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. അടുത്തിടെ അബ്ദുള്ളക്കുട്ടി മാംഗ്ളൂരിലേക്ക് താമസം മാറ്റിയിരുന്നു. ഇത് മാംഗ്ളൂരിലെ ബിജെപി നേതാവുമായി അടുത്തു പ്രവര്‍ത്തിക്കാനും അതുവഴി ബിജെപിയുടെ ന്യൂനപക്ഷ മുഖമായി മാറാനുമുള്ള നീക്കമാണ് അബ്ദുള്ളക്കുട്ടി നടത്തുന്നതെന്നാണ് ഉയര്‍ന്ന വാര്‍ത്തകള്‍.