11 അംഗ പോലീസ് സംഘത്തിനൊപ്പം മഅദ്‌നി ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: അര്‍ബുദരോഗം ബാധിച്ച ഗുരുതരാവസ്ഥയില്‍ തുടരുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നി ഇന്ന് കേരളത്തിലെത്തും. രാവിലെ 10.30ന് ബംഗളൂരുവില്‍ നിന്ന് വിമാന മാര്‍ഗം തിരുവനന്തപുരത്ത് വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുക.

ശാസ്താംകോട്ടയില്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിച്ച ശേഷം നവംബര്‍ നാലിന് മടങ്ങും. ബംഗളൂരുവില്‍ നിന്ന് പതിനൊന്ന് അംഗ പൊലീസ് സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന മഅദ്‌നിക്ക് ബംഗളൂരു വിട്ടു പുറത്തു പോകുന്നതിന് വിലക്കുണ്ട്.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉമ്മ ഗുരുതരാവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് പോകാന്‍ അനുമതി തരണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിക്കുകയായിരുന്നു.

അമ്മയെ സന്ദര്‍ശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ച വിചാരണ കോടതി വിധിക്കെതിരെ അബ്ദുള്‍നാസര്‍ മഅദ്‌നി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിഡിപി പ്രവര്‍ത്തകരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കാണരുത്,സംസാരിക്കരുത് തുടങ്ങിയ നിബന്ധനകള്‍ മൗലികാവകാശ ലംഘനമാണെന്നായിരുന്നു പരാതി.