ആർ സി സിയിൽ റിസർവേഷൻ കൗണ്ടർ: റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് വി അബ്ദുറഹിമാൻ

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റെയിൽവേ റിസർവേഷൻ കൗണ്ടർ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് സംസ്ഥാനത്തിന്റെ കത്ത്. റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ ആണ് കത്തയച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിവർഷം രണ്ടേ കാൽ ലക്ഷം രോഗികൾ ആർ സി സിയിൽ ചികിത്സതേടി എത്തുന്നുണ്ട്. ദിവസം അഞ്ഞൂറോളം രോഗികൾക്ക് റെയിൽവേ റിസർവേഷൻ സൗകര്യം ആവശ്യമായി വരുന്നുണ്ട്.

തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷൻ 8 കിലോ മീറ്റർ അകലെയാണ്. ആശുപത്രിയിലെ ചികിത്സാ കാര്യങ്ങൾക്കിടെ ഈ ദൂരം സഞ്ചരിച്ച് ടിക്കറ്റ് റിസർവ് ചെയ്യുക ബുദ്ധിമുട്ടാണ്. ഗുരുതരമായ രോഗാവസ്ഥയിലുള്ളവരും സാമ്പത്തികമായി പിന്നോക്കമായവരുമാണ് രോഗികളിൽ ഭൂരിപക്ഷവും. അതുകൊണ്ട് തന്നെ ഓൺലൈൻ റിസർവേഷൻ സൗകര്യം അവർക്ക് പ്രയാസമാണ്.റെയിൽവേ റിസർവേഷൻ കൗണ്ടറിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ ആർ സി സി തയ്യാറാണ്. സഹായത്തിന് ജീവനക്കാരെയും നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആർ സി സിയിൽ റിസർവേഷൻ കൗണ്ടർ അനുവദിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ കത്തിൽ ആവശ്യപ്പെട്ടു.

Loading...