അഭിമന്യു വധം ആസൂത്രണം ചെയ്തതില്‍ മുഹമ്മദ് റിഫക്ക് പങ്കെന്ന് പൊലീസ്; റിഫ ഗൂഢാലോചനയില്‍ പങ്കെടുത്തു

Loading...

കൊച്ചി: അഭിമന്യു വധം ആസൂത്രണം ചെയ്തതില്‍ മുഹമ്മദ് റിഫക്ക് പങ്കെന്ന് പൊലീസ്. റിഫ ഗൂഢാലോചനയില്‍ പങ്കെടുത്തു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി റിഫ കേസില്‍ 26ാം പ്രതിയാണ്.

കൊല നടത്തിയതാരെന്ന് ഇനിയും വ്യക്തമായിട്ടില്ല. കൃത്യത്തില്‍ പങ്കെടുത്ത 9 പ്രതികളെ പിടികൂടാനുണ്ട്. നിലവില്‍ 26 പേരാണ് പ്രതിപട്ടികയിലുള്ളത്. ഇതുവരെ പിടികൂടിയത് 17 പ്രതികള്‍. ഇതില്‍ ആറ് പേര്‍ നേരിട്ട് പങ്കെടുത്തവരാണ്.

Loading...

ഒടുവിൽ അറസ്റ്റിലായ മുഹമ്മദ് റിഫയുടെ മൊഴികളാണു കൊലയാളി സംഘത്തെ തിരിച്ചറിയാൻ സഹായിച്ചത്. മഹാരാജാസ് ക്യാംപസിലേക്കു കൊലയാളി സംഘത്തെ വിളിച്ചുവരുത്തിയതു നിയമവിദ്യാർഥിയായ റിഫയാണ്. കോളജിലെ ചുവരെഴുത്തു സംബന്ധിച്ച തർക്കത്തിൽ റിഫ നേരത്തെ ഇടപെട്ടിരുന്നു. കർണാടകയിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണു റിഫ അടക്കമുള്ള പല പ്രതികൾക്കും ബെംഗളൂരുവിൽ ഒളിത്താവളം ഒരുക്കിയത്. കേസിലെ ഒന്നാം പ്രതി ജെ.ഐ. മുഹമ്മദ് ഉൾപ്പെടെ 14 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 23 -ാം പ്രതി സൈഫുദ്ദീൻ കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു.

അഭിമന്യുവിനെ ആക്രമിച്ച കൊലയാളിസംഘത്തിനു കൊലക്കത്തിയടക്കമുള്ള മാരകായുധങ്ങൾ എത്തിച്ചതു പള്ളുരുത്തി സ്വദേശി പി.എച്ച്. സനീഷാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. കത്തിക്കു പുറമെ ഇടിക്കട്ട, വടിവാൾ, കുറുവടി എന്നിവയും പ്രതി സനീഷ് ക്യാംപസിലെത്തിച്ചിരുന്നു. അങ്കമാലിയിലെ ഒളിത്താവളത്തിൽനിന്നാണ് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിനുവേണ്ടി മൂന്നു വ്യത്യസ്ത കുറ്റവാളി സംഘങ്ങളെ (ക്രിമിനൽ ലെയർ) റിക്രൂട്ട് ചെയ്ത ഷിജു, റിയാസ്, അനീഷ്, ഷാഹിം, മനാഫ്, ജബ്ബാർ, നൗഷാദ്, അബ്ദുൽ നാസർ എന്നിവരാണു കൊലപാതകത്തിനു ശേഷം ഒളിവിൽ കഴിയുന്നത്. പള്ളുരുത്തി സംഘത്തെ നയിച്ചതു സനീഷാണ്. അഭിമന്യുവിനെ കുത്തുന്നതിനു മുൻപു കത്തിവീശി ഭീകരാന്തരീഷം സൃഷ്ടിച്ചതു സനീഷാണെങ്കിലും കൊലനടത്തിയത് ഇയാളാണെന്നു വ്യക്തമായിട്ടില്ല.

കൊലപാതകം ആസൂത്രിതമാണെന്നും അക്രമികളെ കടത്തിക്കൊണ്ടുപോകാൻ പ്രത്യേകം വാഹനം ഏർപ്പാടാക്കിയിരുന്നെന്നും പൊലീസ് കണ്ടെത്തി.