അഭിമന്യുവിന്റെ വീട് ബിജെപി എംപി സുരേഷ് ഗോപി സന്ദര്‍ശിച്ചു ;വഴി നീളെ സെല്‍ഫിയുമായി മുന്നോട്ട്

പോപുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് സംഘം അരും കൊല ചെയ്തമഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ വീട് ബിജെപി എംപി സുരേഷ് ഗോപി സന്ദര്‍ശിച്ചു. വട്ടവടയില്‍ എത്തിയ സുരേഷ് ഗോപി വഴി നീളെ സെല്‍ഫിയുമായാണ് മുന്നോട്ട് പോയത്. അരും കൊലയില്‍ നിന്നും വട്ടവട ഇനിയും മോചിതമായിട്ടില്ല. അത്രമേല്‍ ആത്മബന്ധമായിരുന്നു. അവിടെയാണ് സുരേഷ് ഗോപി രാഷ്ട്രീയ മുതലെടുപ്പിന് എത്തിയത്.

അഭിമന്യുവിനെ എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെ വര്‍ഗീയമായി മുതലെടുക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവവര്‍ത്തകരാണ് മുതലെടുപ്പ് ഉദ്ദേശം വെച്ച് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരനെ സമീപിച്ചത്. കമ്മ്യൂണിസ്റ്റ് ആയതു കൊണ്ടാണ് തന്റെ മകന്‍ മരിച്ചതെന്നും നിങ്ങളുടെ സഹായം ആവശ്യമില്ലെന്നും അഭിമന്യുവിന്റെ അച്ഛന്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കിയിരുന്നു..

Loading...

അഭിമന്യുവിന്റെ മരണത്തില്‍ നീറുന്ന വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും ആളുകള്‍ വട്ടവടയിലെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് വീട്ടിലെത്തിയ ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായ വാഗ്ദാനം.

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന. മലപ്പുറം മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലുമാണ് ഒരേ സമയം പൊലീസ് പരിശോധന നടത്തുന്നത്. കാടാമ്പുഴയ്ക്കടുത്തുള്ള കേന്ദ്രത്തിലും പരിശോധനയുണ്ട്. പോപുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് സംഘം അരും കൊല ചെയ്ത അഭിമന്യു വധക്കേസില്‍ ഒളിവിലുള്ള 12 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. ഇതിനുള്ള ഒരുക്കം പോലീസ് തുടങ്ങി. കൊല്ലപ്പെടുന്നതിന് മുന്‍പ് അഭിമന്യുവിന് വന്ന ഫോണ്‍ കോളുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ലുക്കൗട്ട് നോട്ടീസിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണമുണ്ട്. പ്രതികള്‍ വിദേശത്തേക്ക് കടക്കുമെന്ന സൂചനയെത്തുടര്‍ന്നാണിത്. കേസുമായി ബന്ധപ്പെട്ട് രണ്ടു പേര്‍കൂടി ഇന്ന് അറസ്റ്റിലായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.