അഭിമന്യുവിന്റെ കൊലപാതകം: മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി, മുഖ്യപ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കുവേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന എട്ടുപേര്‍ക്കുവേണ്ടിയാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്. ഇവരില്‍ രണ്ടുപേര്‍ സംസ്ഥാനം വിട്ടുവെന്ന സൂചനകളെത്തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത.് 15 പേര്‍ ഉള്‍പ്പെട്ട സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ എട്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. വിവിധ ജില്ലകളില്‍ ഉള്ളവരാണ് ഇനിയും കണ്ടെത്താനുള്ള പ്രതികളെന്നാണ് സൂചന. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലക്കാരാണ് ഇവരെന്ന സൂചനകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപക തിരച്ചിലാണ് നടത്തുന്നത്. ഇന്നുതന്നെ ഇവരെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

അതിനിടെ കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മഹാരാജാസ് കോളേജില്‍ പുതുതായി അഡ്മിഷനെടുത്ത വിദ്യാര്‍ഥിയാണ് അറസ്റ്റിലായ ഫാറൂഖ്. ആലുവയിലെ സ്വകാര്യ കോളേജിലെ എംബിഎ വിദ്യാര്‍ത്ഥിയാണ് ബിലാല്‍. ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ 37കാരന്‍ റിയാസ് വിദ്യാര്‍ത്ഥിയല്ല. ഇവരെക്കൂടാതെ നാലുപേര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണോ, ആസൂത്രണത്തില്‍ പങ്കാളിത്തമുള്ളവരാണോ തുടങ്ങിയകാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കുറ്റകൃത്യവുമായി ബന്ധമുള്ളവരെ പോലീസ് കണ്ടെത്തിയിട്ടുള്ളത്.

Loading...