ഗർഭഛിദ്രം: പള്ളിവികാരിമാർക്ക് മാപ്പ് നല്കാം. ബിഷപ്പുമാരുടെ അധികാരം മാർപ്പാപ്പ റദ്ദാക്കി

വത്തിക്കാന്‍സിറ്റി: കത്തോലിക്കാ സഭ ഗർഭഛിദ്രം നടത്തിയ പാപികൾക്ക് മാപ്പു നല്കുന്ന നയത്തിൽ മാറ്റം വരുത്തി. ഇത്തരക്കാർക്ക് മാപ്പു നല്കാൻ ഇനിമുതൽ ഇടവക വികാരിമാർക്ക് അധികാരം ഉണ്ടാകും. കുമ്പസാരവേളയിലായിരിക്കും ഇത് നല്കുക. ഇതുവരെ ഈ വിഷയത്തിൽ ബിഷപ്പുമാർക്ക് ഉണ്ടായിരുന്ന വിശേഷാൽ അധികാരമാണ്‌ പോപ്പ് ഫ്രാൻസീസ് മാറ്റം വരുത്തിയിരിക്കുന്നത്.കത്തോലിക്ക സഭയിലെ നിലവിലെ നിയമപ്രകാരം ഗര്‍ഭഛിദ്രം കൊടുംപാപമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ സഭയില്‍ നിന്ന് പുറത്താക്കും. ഇവര്‍ക്ക് സഭയില്‍ തിരികെ പ്രവേശിക്കണമെങ്കില്‍ ബിഷപ്പിന്‍െറ അനുമതി വേണമെന്ന നിയമത്തിനാണ് മാര്‍പാപ്പ താത്കാലിക ഇളവ് നല്‍കിയത്.

ഗര്‍ഭഛിദ്രം നടത്തിയവര്‍ കുമ്പസാരിച്ചാല്‍ മാപ്പു നല്‍കി അവരെ സഭയിലേക്ക് തിരികെ പ്രവേശിപ്പിക്കാം. വിശുദ്ധ വര്‍ഷമായ ഡിസംബര്‍ എട്ട് മുതല്‍ 2015 നവംബര്‍ 20ന് ഇടയില്‍ ഈ ആനുകൂല്യം താത്കാലികമായി നല്‍കാനാണ് മാര്‍പാപ്പയുടെ തീരുമാനം.അതേസമയം, ഗര്‍ഭഛിദ്രം പാപമായി തന്നെ കണക്കാക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കി. അറിവില്ലാത്തവരാണ് ഗര്‍ഭഛിദ്രത്തിന്‍െറ ദുരന്തം അനുഭവിക്കുന്നത്. മനോവേദനയുമായി കഴിയുന്ന ഇവര്‍ക്ക് സ്വാന്തനമായാണ് പുതിയ തീരുമാനമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.