അനുമതിയില്ലാതെ നടത്തിയ ബിജെപിയുടെ വേല്‍ യാത്ര തമിഴ്നാട് പോലീസ് തടഞ്ഞു. വേല്‍ യാത്ര നടത്തിയെന്നാരോപിച്ച് ബിജെപി തമിഴ്നാട് യൂണിറ്റ് പ്രസിഡന്റ് എല്‍. മുരുകന്‍, വൈസ് പ്രസിഡന്റ് അണ്ണാമലൈ, എച്ച് രാജ, സിടി രവി ഉള്‍പ്പെടെ നൂറോളം ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പോലീസ് വെട്രി വേല്‍ യാത്ര തടഞ്ഞത് തിരുവള്ളൂരില്‍ വെച്ചാണ്. ഇന്നലെ രാവിലെ പൂനമല്ലിക്ക് സമീപത്തു വെച്ചും യാത്ര പോലീസ് തടഞ്ഞിരുന്നു. നേരത്തെ, സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് വേല്‍ യാത്രയ്ക്ക് അനുമതി നല്‍കുകയില്ലെന്ന് തമിഴ്നാട് ഭരണകൂടം വ്യക്തമാക്കിയിരുന്നു. എന്നാല്‍, വേല്‍ യാത്ര തടയാന്‍ ആര്‍ക്കുമാവില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. നവംബര്‍ 6 മുതല്‍ ഡിസംബര്‍ 6 വരെയാണ് വേല്‍ യാത്ര നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ആരാധന നടത്തുകയെന്നത് തന്റെ ഭരണഘടനാപരമായ അവകാശമാണെന്നും വേല്‍ യാത്ര ആരംഭിക്കുന്നതിനു മുമ്ബ് ബിജെപി തമിഴ്നാട് യൂണിറ്റ് പ്രസിഡന്റ് എല്‍. മുരുഗന്‍ പറഞ്ഞു. വേല്‍ യാത്രയുടെ സമാപനത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ ബിജെപി ദേശീയ നേതാക്കളെയും കേന്ദ്ര മന്ത്രിമാരെയും പങ്കെടുപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.