ട്രെയിനു നേരേയുണ്ടായ കല്ലേറിൽ മിമിക്രി താരത്തിനു ഗുരുതരമായി പരുക്കേറ്റു

ആലപ്പുഴ കനാൽ വാർഡ് തൈപ്പറമ്പിൽ വീട്ടിൽ ചിത്തരഞ്ജനാ(38)ണു പരുക്കേറ്റത്. വലതുകണ്ണിന് മുകളിൽ നെറ്റിയിലാണ് മുറിവേറ്റത്. പുന്നപ്രയ്ക്കും ആലപ്പുഴയ്ക്കും ഇടയിൽ നേത്രാവതി എക്‌സ്പ്രസിനുനേരെ ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് കല്ലേറുണ്ടായത്. കായംകുളത്തെ ബന്ധുവീട്ടിൽനിന്ന് ആലപ്പുഴയിലേക്കുള്ള മടക്കയാത്രയിലായിരുന്നു ചിത്തരഞ്ജൻ. ആലപ്പുഴ സ്‌റ്റേഷനിലിറങ്ങാൻ വാതിലിന്റെ ഭാഗത്തേക്കു നടന്നുവരുമ്പോഴാണ് ഏറു കൊണ്ടത്. ബോധരഹിതനായി വീണ ഇദ്ദേഹത്തെ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചിത്തരഞ്ജന്റെ തലയ്ക്ക് എട്ടു തുന്നലുണ്ട്. വോഡഫോൺ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതനാണ് ചിത്തരഞ്ജൻ. ഇതിനു മുമ്പും ഈ ഭാഗങ്ങളിൽ ട്രെയിനു നേരെ കല്ലേറുണ്ടായിട്ടുണ്ട്. ആലപ്പുഴ റെയിൽവെ സുരക്ഷാസേന അന്വേഷണം ആരംഭിച്ചു.