സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് തെറിപ്പിച്ച പോയ ബൈക്ക് മതിലിലിടിച്ചു… ബൈക്ക് ഓടിച്ചിരുന്ന 16-കാരന്‍ മരിച്ചു

വര്‍ക്കല : അമിത വേഗതയില്‍ വന്ന ബൈക്ക് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഓടിച്ചു പോയി മതിലിലിടിച്ചു കയറി 16 കാരന്‍ മരിച്ചു. ഒപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന 13 കാരന് ഗുരുതരമായ പരിക്ക്.

വര്‍ക്കല ശിവഗിരി ചെറുകുന്നം കണ്ണങ്കര വീട്ടില്‍ നൗഷാദിന്റെയും ശര്‍മിയുടെയും മകന്‍ അബ്ദുല്‍ സമദാണ് മരിച്ചത്. കിളിമാന്നൂരില്‍ പാരലല്‍ കോളേജിലെ പ്ലസ് ഒണ്‍ വിദ്യാര്‍ത്ഥിയായിരുന്നു.

Loading...

സഹോദരന്‍ :അഹദ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഖബറടക്കം ഇന്നു (വ്യാഴം )ഉച്ചക്ക് കിളിമാനൂര്‍ തട്ടത്തുമല ജമാ അത്തില്‍ നടക്കും.

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന നിഹാല്‍ മരിച്ച അബ്ദുല്‍ സമദിന്റെ മാതൃ സഹോദരിയുടെ മകനാണ്. ഗുരുതരമായി പരിക്കേറ്റ നിഹാലിനെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചെറുകുന്നം കണ്ണങ്കര വീട്ടില്‍ ഹസ്സന്റെയും സല്‍മയുടെയും മകനാണ് നിഹാല്‍. വര്‍ക്കല ഗവണ്മെന്റ് മോഡല്‍ എച്ച്. എസ്. എസ്സിലെ വിദ്യാര്‍ത്ഥിയാണ്.

ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ശേഷമാണ് അപകടങ്ങള്‍ നടന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലമ്പലം ഭാഗത്തു നിന്നും അമിത വേഗതയില്‍ വര്‍ക്കല ഭാഗത്തേക്ക് വരുമ്പോള്‍ വടശ്ശേരിക്കോണം ജംഗ്ഷനില്‍ വച്ചാണ് ആദ്യ അപകടം നടന്നത്.

മണമ്പൂര്‍ റോഡില്‍ നിന്നും വടശ്ശേരിക്കോണം ജംഗ്ഷനില്‍ സംസ്ഥാന പാതയിലേക്ക് ഓടിച്ചു കയറിയ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

രണ്ടു വാഹനങ്ങളും യാത്രക്കാരും താഴെ വീണെങ്കിലും യാത്രക്കാര്‍ക്കാര്‍ ക്കും കാര്യമായ പരിക്കുകള്‍ ഉണ്ടായില്ല. സ്‌കൂട്ടറും ബൈക്കും തകര്‍ന്നു പോയിരുന്നു. നാട്ടുകാര്‍ ഓടി കൂടുന്നതിനിടയില്‍ ബൈക്ക് യാത്രക്കാര്‍ തകര്‍ന്ന ബൈക്കില്‍ കയറി അമിത വേഗതയില്‍ ഓടിച്ചു രക്ഷപെടുകയായിരുന്നു.

ഈ പോക്കില്‍ പാലച്ചിറ തടം ജംഗ്ഷന് സമീപം മതിലില്‍ ബൈക്ക് ഇടിച്ചു കയറിയാണ് അബ്ദുല്‍ സമദിനും നിഹാലിനും ഗുരുതരമായി പരിക്കേറ്റത്. വര്‍ക്കല പോലീസ് കേസെടുത്തു.

പറക്കമുറ്റുന്നതിനുമുന്നേ യുവാക്കളുടെ ജീവൻ റോഡിൽ പൊലിയുകയാണ്. സൂപ്പർ ബൈക്കുകളുടെ ന്യൂജെൻ കാലത്ത് പക്വത കൈവരാത്ത യുവത്വം മരണത്തെ മാടിവിളിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് വാർത്തകളിൽ. വർധിച്ചുവരുന്ന വാഹനാപകടങ്ങൾ ഇതിനുസാക്ഷ്യം. ലക്ഷങ്ങൾ വിലമതിപ്പുള്ള ന്യൂജെൻ സൂപ്പർബൈക്കുകൾ നിരത്തുകളിലെ താരമാണിപ്പോൾ. ജീവനെടുക്കുന്ന കൊലകൊല്ലികളായി ഈ ബൈക്കുകൾ മാറുന്നെന്ന ആക്ഷേപമുയരാൻ തുടങ്ങിയിട്ട് നാളേറെയായി.

സൂപ്പർ ബൈക്കുകൾ ഉണ്ടാക്കുന്ന അപകടങ്ങൾ ക്രമാതീതമായി വർധിക്കുകയാണ്. പോലീസിനോ മോട്ടോർവാഹന വകുപ്പിനോ ഇത് നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്നതിന് ഉദാഹരണം മരണത്തിന്റെ കണക്കുകൾതന്നെ. യുവാക്കളുടെ മാത്രം ജീവനല്ല, റോഡ് നിയമങ്ങൾ പാലിച്ച് വാഹനമോടിക്കുന്നവർക്കും യുവാക്കളുടെ ഈ അഭ്യാസങ്ങളിൽപ്പെട്ട് ജീവൻ നഷ്ടമാകുന്നുണ്ട്.

സെക്കൻഡുകൾകൊണ്ട് 100 കിലോമീറ്റർ വേഗതത്തിലേക്ക് കുതിക്കാൻ ശേഷിയുള്ള ബൈക്കുകളാണ് നിരത്തുകളിലേറെയും. സ്പോർട്ട്സ് ബൈക്കുകൾക്ക് 250 സി.സി.ക്ക് മുകളിൽ ഉണ്ടായിരിക്കും. എടുത്തുയർത്തിയും കിടന്നും ചാഞ്ഞും മറിഞ്ഞുമൊക്ക നമ്മുടെ നിരത്തിലൂടെ യുവാക്കൾ ഇതിൽ ചീറിപ്പായുന്നത് കാണാം.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാധാരണരീതിയുള്ള ഗതാഗതംപോലും പ്രയാസമായ ഇവിടത്തെ റോഡുകളിലാണ് ഇത്തരം അഭ്യാസങ്ങൾ.