ബംഗളൂരുവില്‍ കാറപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ നവദമ്പതികള്‍ മരിച്ചു

കണ്ണൂര്‍: ബംഗളൂരുവില്‍ ഉണ്ടായ കാറപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ നവദമ്പതികള്‍ മരിച്ചു. രയരോം മേരിഗിരി സ്വദേശി ഓലിക്കല്‍ ടോണി മാത്യു (28) ഭാര്യ ഇരിട്ടി കിളിയന്തറ സ്വദേശിനി വെട്ടിക്കല്‍ റിനു ജോസഫ് (24) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ മാസം 16നായിരുന്നു ഇവരുടെ വിവാഹം. അവധി കഴിഞ്ഞ് രണ്ടുപേരും ജോലിയില്‍ പ്രവേശിക്കാന്‍ പോകവേയാണ് അപകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചയോടെ ഇവര്‍ സഞ്ചരിച്ച കാര്‍ ബംഗളൂരുവില്‍ രാംരാജ് നഗറില്‍ വെച്ച് ഡിവൈഡറില്‍ ഇടിച്ച ശേഷം മറ്റൊരു വാഹനവുമായി കൂട്ടി ഇടിക്കുകയായിരുന്നു. രണ്ടുപേരും തല്‍ക്ഷണം അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്ന ടോണിയുടെ പിതാവ് മാത്യുവിനെ ഗുരുതര പരിക്കുകളോടെ ഇവിടുത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ടോണി ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പേഴ്സണല്‍ മാനേജരും ഭാര്യ റിനു ഇതേ ആശുപത്രിയില്‍ നേഴ്സുമായി ജോലി ചെയ്തു വരികയായിരുന്നു. ടോണിയുടെ അമ്മ വത്സമ്മ. കച്ചേരിക്കടവിലെ പരേതനായ റോയിച്ചന്‍ ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ് റിനു. സഹോദരന്‍: റോബിന്‍. സംസ്കാരം ബുധനാഴ്ച മേരിഗിരി ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി യിൽ.

Loading...