മാതാപിതാക്കളെ കാണാൻ പരോളിലിറങ്ങിയ പ്രതി പോലീസിനെ വെട്ടിച്ച് ഓടിയത് കള്ള് കുടിക്കാൻ

രാജാക്കാട്: മാതാപിതാക്കളെ കാണാൻ ഒരു ദിവസത്തെ പരോളിൽ ഇറങ്ങിയ പ്രതി പോലീസിനെ വെട്ടിച്ച് ഓടിയത് കള്ള് കുടിക്കാൻ. രാജാക്കാട് പൊൻമുടി കളപ്പുരയ്‌ക്കൽ ജോമോനാണ് ആഗ്രഹം അടക്കി നിർത്താനാകാതെ ഒപ്പം വന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഷാപ്പിലേക്ക് ഓടിയത്. മണക്കൂറുകളുടെ തിരച്ചിലിനൊടുവിൽ പോലീസ് പിന്നീട് ഇയാളെ കണ്ടെത്തി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രണ്ട് പൊലീസുദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് ജോമോനെ പൊന്മുടിയിലെ വീട്ടിൽ എത്തിച്ചത്.

കണ്ണൂർ സെൻട്രൽ ജയിലിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു പ്രതി. മാതാപിതാക്കളെ കാണാനാണ് ഇയാൾക്ക് ഒരു ദിവസത്തെ പരോൾ അനുവദിച്ചത്. എന്നാൽ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട ജോമോന് കള്ള് കുടിക്കാൻ അതിയായ മോഹം തോന്നി. ഇതോടെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നു.

Loading...

മണിക്കൂറുകൾ നീണ്ട തിരച്ചിലിൽ വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ നിന്നാണ് പോലീസ് ജോമോനെ കണ്ടെത്തിയത്. 2015 ഫെബ്രുവരിയിൽ കോട്ടയം അയർക്കുന്നം സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോമോൻ. കണ്ണൂർ സെൻട്രൽ ജയിലിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ്.