മിണ്ടാപ്രാണിയോട് കൊടും ക്രൂരത; ആടിന്റെ മുഖത്തും ശരീരത്തുംആസിഡ് ഒഴിച്ചു

ചാത്തന്നൂര്‍ : മിണ്ടാപ്രാണികളെ അതിക്രൂരമായി ആക്രമിക്കുന്നത് ചിലര്‍ക്ക് ഒരു ആനന്ദമാണ്. മിണ്ടാപ്രാണികളെ അതിക്രൂരമായി ആക്രമിക്കുന്നതിന്റെ വാര്‍ത്തകള്‍ ഇപ്പോള്‍ ഒരു തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. പട്ടിയെ വണ്ടിയുടെ പുറകില്‍ കെട്ടിവലിച്ചതും ആനയുടെ വായില്‍ പടക്കം വെച്ച് പൈനാപ്പിള്‍ നല്‍കിയതും ഗര്‍ഭിണിയായ പൂച്ചയെ തൂക്കിക്കൊന്നതുമൊക്കെ മലയാളികള്‍ മറക്കാന്‍ കഴിയില്ല. ഇപ്പോവിതാ വീണ്ടും കണ്ണില്ലാത്ത ക്രൂരതയുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറിയവര്‍ ആടിന്റെ മുഖത്തും ശരീരത്തും ആസിഡ് ഒഴിച്ചു. സംഭവം നടന്നത് ചാത്തന്നൂരിലാണ്.

കല്ലുവാതുക്കല്‍ നടുക്കല്‍ കൃപ അരുണില്‍ സുജയുടെ വീട്ടിലെ ആടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചാത്തന്നൂര്‍ ബി.ആര്‍.സിയില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ കരകൗശല വിദ്യകള്‍ പരിശീലിപ്പിക്കുന്ന താത്കാലിക അദ്ധ്യാപികയാണ് സുജ.കഴിഞ്ഞ ദിവസം കൊല്ലത്തെ ബന്ധു വീട്ടില്‍ പോയി തിരികെ എത്തിയപ്പോഴാണ് ആടിന്റെ ദേഹത്തെ നിറ വ്യത്യാസവും അസ്വാഭാവിക പെരുമാറ്റവും ശ്രദ്ധിച്ചത്. തുടര്‍ന്ന് കല്ലുവാതുക്കല്‍ മൃഗാശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ആസിഡ് ആക്രമണമാണെന്ന് തിരിച്ചറിഞ്ഞത്. കണ്ണിനും ദേഹത്തും പൊള്ളലേറ്റ ആടിന്റെ രണ്ട് കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടമായി. ദേഹത്തു നിന്ന് തൊലി അടര്‍ന്നു വീഴുന്ന അവസ്ഥയിലാണ്. സംഭവത്തില്‍ പാരിപ്പള്ളി പൊലീസ് കേസെടുത്തു. ബന്ധുക്കള്‍ തമ്മിലുള്ള വഴക്കാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

Loading...