പൗരത്വപ്രതിഷേധത്തില്‍ പങ്കെടുത്തു;നോര്‍വീജിയന്‍ വനിതയോട് ഇന്ത്യ വിടാന്‍ നിര്‍ദേശം

കൊച്ചി: കൊച്ചിയില്‍ നടന്ന പൗരത്വപ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയ്‌ക്കെതിരെ നടപടി. നോര്‍വീജിയന്‍ വനിത യാന്‍ മേഥെ ജൊഹാന്‍സിനോട് ഇന്ത്യ വിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വീസ ചട്ടങ്ങൾ ലംഘിച്ചു എന്നതിന്റെ പേരിലാണു നടപടി. സമരത്തിൽ പങ്കെടുത്ത ഇവരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഫോറിനേഴ്സ് റീജിയണൽ റജിസ്ട്രേഷൻ ഓഫിസ് (എഫ്ആർആർഒ) അധികൃതർ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് രാജ്യം വിടാൻ നിർദേശം നൽകിയത്.

‘പൗരത്വ നിയമത്തിനെതിരായി കൊച്ചിയിൽ തിങ്കളാഴ്ച നടന്ന പീപ്പിൾസ് ലോങ് മാർച്ചിൽ യാൻ മേഥെ ജൊഹാൻസൻ പങ്കെടുത്തതായി പ്രഥമദൃഷ്ട്യാ തെളിവുണ്ട്.ഇവർ ഗൗരവമായാണോ പ്രതിഷേധത്തിൽ പങ്കാളിയായത് എന്നാണ് അന്വേഷിച്ചത്.’– കൊച്ചിയിലെ എഫ്ആർആർഒ ചുമതലയുള്ള അനൂപ് കൃഷ്ണൻ ഐപിഎസ് പറഞ്ഞു.

Loading...

വിദേശ പൗരന്മാർ ഇന്ത്യയിൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതു വീസാ ചട്ടപ്രകാരം നിയമലംഘനമാണ്. വിദേശരാജ്യങ്ങളില്‍നിന്ന് ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് ഇവിടെ നടക്കുന്ന പ്രതിഷേധങ്ങളിലോ സമരങ്ങളിലോ പങ്കെടുക്കാന്‍ വിസാച്ചട്ടം അനുവദിക്കുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രകടനത്തിൽ പങ്കെടുത്തതിന്റെ അനുഭവത്തെക്കുറിച്ച് 23ന് യാൻ മേഥെ ജൊഹാൻസൻ ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ സഹിതം കുറിപ്പ് പോസ്റ്റ് ചെയ്തതോടെയാണ് എഫ്ആർആർഒ അന്വേഷണം ആരംഭിച്ചത്.പൗരത്വ നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്ത ജർമൻ വിദ്യാർഥിയെ മദ്രാസ് ഐഐടിയിൽ നിന്നു കഴിഞ്ഞദിവസം തിരിച്ചയച്ചിരുന്നു. ട്രിപ്സൺ സർവകലാശാലയിൽ നിന്നു ഫിസിക്സ് പഠനത്തിനെത്തിയ ജർമൻ സ്വദേശി ജേക്കബ് ലിൻഡനോടാണു ഒരു സെമസ്റ്റർ ബാക്കി നിൽക്കെ രാജ്യം വിടാൻ ആവശ്യപ്പെട്ടത്.ജാനി താമസിക്കുന്ന സ്ഥലത്തെത്തി അധികൃതര്‍ കാര്യം ധരിപ്പിച്ചു. ഇന്നുച്ചയോടു കൂടി ജാനി നോര്‍വേയിലേക്ക് മടങ്ങും.