അമീറുളിനേ രക്ഷിക്കാൻ സമരം വരുന്നു. ആക്ഷൻ കൗൺസിൽ രൂപീകരിച്ചു, സി.ബി.ഐ അന്വേഷണം വേണമെന്ന്

കൊച്ചി: അമീർളിനായി ആക്ഷൻ കൗൺസിൽ. നിരപരാധിയേ രക്ഷിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം അടക്കം ആസൂത്രണം ചെയ്യുന്നു.  ജിഷ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയിലേക്ക്. ശിക്ഷിക്കപ്പെട്ട പ്രതി നിരപരാധിയാണെന്ന് സംശയിക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. കേസിന്റെ തുടക്കം മുതല്‍ പോലീസ് അലംഭാവമാണ് കാണിച്ചതെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. ആദ്യത്തെ അന്വേഷണ സംഘം ആര്‍ഡിഒ ഇല്ലാതെയാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്. പോസ്റ്റ്മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തിയില്ല. രാത്രി തന്നെ മൃതദേഹം ദഹിപ്പിച്ചുവെന്നും ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ടുവെന്ന പറഞ്ഞ യുവതികളുടെ ഗൗരവമായെടുത്തില്ല. മഞ്ഞ വസ്ത്രം ധരിച്ച ഒരാള്‍ വീടിന് പിന്നിലൂടെ ഇറങ്ങി പോകുന്നത് കണ്ടുവെന്ന മൊഴി ഒരു വീട്ടമ്മ കൊടുത്തിരുന്നു. ഇതിലും കാര്യമായ അന്വേഷണം നടന്നില്ല. 2016 ഏപ്രില്‍ 28ന് ജിഷ കൊല്ലപ്പെട്ടിട്ട് പിറ്റേന്നാണ് പോലീസ് കേസെടുത്തത്. അതിന് ശേഷം നാല് ദിവസം കഴിഞ്ഞാണ് കനാലില്‍ നിന്ന് ചെരുപ്പ് കണ്ടെത്തിയതെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

കേസില്‍ കൃത്രിമ തെളിവുണ്ടാക്കിയതായി സംശയിക്കുന്നു. ചെരുപ്പ് കണ്ടെത്താന്‍ വൈകിയതാണ് ഇതിന് കാരണം. ചെരിപ്പടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന തൊഴിലാളിയെ ഡമ്മി പ്രതിയാക്കിയതായി സംശയിക്കുന്നു. സര്‍ക്കാര്‍ മാറി പുതിയ അന്വേഷണ സംഘം വന്നുവെങ്കിലും ആദ്യ അന്വേഷണ സംഘത്തിന്റെ കൃത്രിമ തെളിവുകള്‍ തൊണ്ടിമുതലില്‍ നിന്ന് നീക്കം ചെയ്യാതിരുന്നതിനാല്‍ രണ്ടാം സംഘത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സി.കെ മൊയ്ദുവും മറ്റ് ഭാരവാഹികളും ആരോപിച്ചു. അന്വേഷണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ ഒന്നാം സംഘത്തിനെതിരെ അന്വേഷണം ഉണ്ടായില്ല. രണ്ടാം സംഘവും കേസ് അട്ടിമറിച്ചതോടെ ജിഷയ്ക്ക് നീതി നിഷേധിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് പിതാവ് പാപ്പു പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഈ കേസില്‍ ഹാജരാകുന്നതിന് തലേന്നാണ് പിതാവിനെ വഴിയരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ പിതാവിനും അനുമതി ലഭിക്കാതിരുന്നതിനാല്‍ ആക്ഷന്‍ കൗണ്‍സിലിനും തങ്ങളുടെ വാദം അവതരിപ്പിക്കാന്‍ സാധിച്ചില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

Loading...