മദ്യപിച്ച് ലെക്കുകെട്ട് വാഹനം ഓടിച്ച് അപകടം; പോലീസ് എത്തിയപ്പോള്‍ കാലുറയ്ക്കാതെ വീണു; പിടിയിലായത് പ്രമുഖ നടന്‍(വീഡിയോ)

ചെന്നൈ: മദ്യപിച്ച് ലെക്കുകെട്ട് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ തമിഴ് നടനെ പോലീസ് പിടികൂടി. മദ്യ ലഹരിയിലായിരുന്ന നടന്‍ ശക്തി വാസുദേവന്‍ ഓടിച്ചിരുന്ന കാര്‍ ചെന്നൈ ചൂളൈമേട്ടില്‍വച്ച് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. ശക്തിയും സുഹൃത്തും സഞ്ചരിച്ച കാര്‍ തെരുവില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിന്റെ പിന്നില്‍ ചെന്നിടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാണ്. ഡ്രൈവിംഗ് സീറ്റില്‍ നിന്നും പുറത്തിറങ്ങിയത് ശക്തിയാണ്. തുടര്‍ന്ന് ആളുകളുമായി നടന്‍ തട്ടിക്കയറുകയും തിരികെ കാറിലേക്ക് തന്നെ കയറാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് കറില്‍ ചാരി നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്. നടന്റെ സുഹൃത്തും മദ്യപിച്ചു ബോധമില്ലാത്ത അവസ്ഥയില്‍ കാറില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നുണ്ട്.

അണ്ണാ നഗര്‍ ട്രാഫിക് പോലീസാണ് നടനെ കസ്റ്റഡിയിലെടുത്തത്. നടന് പിന്നീട് ജാമ്യം ലഭിച്ചു. നടനും സംവിധായകനുമായ പി വാസുവിന്റെ മകനാണ് ശക്തി വാസുദേവന്‍. ബിഗ് ബോസ് തമിഴിലെ പ്രകടനത്തിലൂടെ അടുത്തിടെ വന്‍ പ്രശസ്തി നേടിയ നടന്‍ ബാലതാരമായാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് തൊട്ടാല്‍ പൂ മലരും എന്ന ചിത്രത്തിലൂടെ നായകനായി. നിനൈതാലെ ഇനിക്കും, കോ, യുവാന്‍ യുവതി, ശിവലിംഗ(കന്നഡ), ഏഴ് നാട്കള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

 

Top