അമ്മയ്ക്കെതിരെ കൂടുതല്‍ താരങ്ങള്‍ രംഗത്ത്; ഇങ്ങനെ മതിയോ? സിനിമാലോകത്തെ ഞെട്ടിച്ച് ആരോപണങ്ങളുമായി ബാബുരാജ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയ്ക്കെതിരെ വിമര്‍ശനവും ആരോപണങ്ങളുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത്. അമ്മയ്ക്കെതിരെ പുതിയതായി ആരോപണങ്ങളുമായി നടന്‍ ബാബുരാജാണ് രംഗത്തെത്തിയത്. തലപ്പത്തിരിക്കുന്നവര്‍ അവരവരുടെ കാര്യങ്ങളില്‍ അല്ലെങ്കില്‍ അവര്‍ക്ക് ഉചിതമാണെന്ന് തോന്നുന്ന കാര്യങ്ങളില്‍ മാത്രമായി ഒതുങ്ങുന്നത് നല്ലതല്ലെന്ന് ബാബുരാജ് പറഞ്ഞു. കൈനീട്ടം കൊടുക്കലും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തലുമായി ഒതുങ്ങുകയാണ് അമ്മയുടെ പ്രവര്‍ത്തനങ്ങളെന്ന് ബാബുരാജ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പല നിര്‍ണായക ചോദ്യങ്ങള്‍ക്കും എത്രനാള്‍ ഹാസ്യത്തിലൂടെ മറുപടി നല്‍കി അംഗങ്ങളുടെ കണ്ണടപ്പിക്കാന്‍ സാധിക്കും.

അംഗങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ഇമേജ് നോക്കുന്ന നടന്മാര്‍ ദയവു ചെയ്ത് ആ സ്ഥാനം ഉപേക്ഷിക്കണം. ഒരാള്‍ സംഘടനയില്‍ അംഗത്വമെടുത്താല്‍ അവര്‍ നല്ലതാകട്ടെ ചീത്തയാകട്ടെ അവരെ സംരക്ഷിക്കാനുള്ള ബാധ്യതയും കൂടി സംഘടനയ്ക്കുണ്ട്. താന്‍ അപകടത്തില്‍പ്പെട്ടു കിടക്കുമ്പോള്‍ തന്റെ എം.പി. കൂടിയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പോലും വിളിച്ചില്ലെന്നും ബാബുരാജ് പറയുന്നു. ഒരംഗം സംഘടനയില്‍ അംഗത്വം എടുത്താല്‍ അവര്‍ നല്ലതാകട്ടെ ചീത്തയാകട്ടെ, അവരെ സംരക്ഷിക്കാനുള്ള ബാധ്യതയും കൂടി സംഘടനയ്ക്കുണ്ടെന്നും അല്ലാതെ കുറേ മേലാളന്മാരുടെ വളിപ്പ് കഥ കേള്‍ക്കാനും മൃഷ്ട്ടാന്ന ഭോജനത്തിനുള്ള ഒത്തുചേരല്‍ മാത്രമാകരുത് സംഘടനയെന്നും തുടങ്ങി അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ബാബുരാജ് ഉന്നയിക്കുന്നത്. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട് മാറ്റി ചിന്തിക്കേണ്ട സമയമായെന്നും ഇങ്ങനെ മതിയോ എന്ന തലക്കെട്ടിലിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Loading...

ബാബുരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇങ്ങനെ മതിയോ?

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മ, അതിലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്, കൈനീട്ടം കൊടുക്കുന്നുണ്ട്, ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാം ശരി തന്നെ എന്നാലും, പല അവസരങ്ങളിലും അതുമാത്രമായി ഒതുങ്ങുന്നില്ലേ എന്ന് സംശയം.

തലപ്പത്തിരിക്കുന്ന എല്ലാവരും അവരവരുടെ കാര്യങ്ങളില്‍ അല്ലെങ്കില്‍ അവര്‍ക്ക് ഉചിതമാണ് എന്ന് തോന്നുന്ന കാര്യങ്ങളില്‍ മാത്രമായി ഒതുങ്ങുന്നത് നല്ലതല്ല. ഒരംഗത്തിനു എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ അവരെ ഒന്നു നേരിട്ട് വിളിക്കാനോ, ആശ്വസിപ്പിക്കനോ പോലും ഇമേജ് നോക്കുന്ന നടന്മാരാണ് സംഘടനയുടെ തലപ്പത്ത്. പല നിര്‍ണ്ണായക ചോദ്യങ്ങള്‍ക്കും എത്ര നാള്‍ ഹാസ്യത്തിലൂടെ മറുപടി നല്‍കി അംഗങ്ങളുടെ കണ്ണടപ്പിക്കാന്‍ സാധിക്കും. ജനങ്ങള്‍ എല്ലാം നോക്കി കാണുന്നുണ്ട്.

ഇത്തരത്തില്‍ അംഗങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ഇമേജ് നോക്കുന്ന നടന്മാര്‍ ദയവു ചെയ്ത് ആ സ്ഥാനം ഉപേക്ഷിക്കണമെന്നാണ് എനിക്ക് പറയാന്‍ ഉള്ളത്. ഞാനൊരു അപകടത്തില്‍പ്പെട്ട് ആശുപത്രിയിലായിരുന്ന സമയത്തും ഇതില്‍ പലരും വിളിച്ചില്ല, അന്വേഷിച്ചില്ല അത് പോട്ടെ. എനിക്കതില്‍ പരാതിയില്ല എന്നാലും ഞാന്‍ താമസിക്കുന്ന ഞാന്‍ വോട്ടറായ ആലുവ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ MP കൂടിയായ അമ്മയുടെ പ്രസിഡന്റ് ഒന്ന് വിളിച്ചു ക്ഷേമം അന്വേഷിക്കാതിരുന്നതിനെ നിസ്സാരമായി കാണാന്‍ മനസ്സ് സമ്മതിക്കുന്നില്ല.

പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള വരികളായി ഇതിനെ കാണരുത്. എന്നാല്‍ ഇപ്പോള്‍ ചിന്തിക്കേണ്ട സമയമാകുന്നു. നടീനടന്മാര്‍ പൊതുവെ പ്രതികരണശേഷി നഷ്ട്ടപെട്ടവരാണ് എന്ന് മുദ്രകുത്തല്‍ ഇനിയെങ്കിലും മാറ്റിയെടുക്കണം, അതെ ഞാനീ വിശദീകരണത്തിലൂടെ ഉദ്ദേശിച്ചുള്ളൂ.

ഒരു കാര്യം ഓര്‍ക്കുക, ഒരംഗം സംഘടനയില്‍ അംഗത്വം എടുത്താല്‍ അവര്‍ നല്ലതാകട്ടെ ചീത്തയാകട്ടെ, അവരെ സംരക്ഷിക്കാനുള്ള ബാധ്യതയും കൂടി സംഘടനയ്ക്കുണ്ട്. അല്ലാതെ വര്‍ഷത്തിലൊരിക്കല്‍ കുറേ മേലാളന്മാരുടെ വളിപ്പ് കഥ കേള്‍ക്കാനും ഉച്ചയ്ക്ക് മൃഷ്ട്ടാന്ന ഭോജനത്തിനുള്ള ഒത്തുചേരല്‍ മാത്രമാകരുത് സംഘടന.

വിഷമത്തോടെ.

ഇങ്ങനെ മതിയോ ?മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മ , അതിലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ട്…

Gepostet von Baburaj am Sonntag, 2. Juli 2017