പ്രണയവും വിവാഹവും തുറന്ന് പറഞ്ഞ് കലാഭവന്‍ ഷാജോണ്‍

 

മിമിക്രിയിലൂടെ ശ്രദ്ധ നേടി പിന്നീട് സിനിമയിലെത്തിയ താരമാണ് കലാഭവന്‍ ഷാജോണ്‍. ഇന്ന് സംവിധായക കുപ്പായവും അണിഞ്ഞിരിക്കുകയാണ് അദ്ദേഹം. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ബ്രദേഴ്സ് ഡേ മികച്ച അഭിപ്രായംനേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ഒരു അഭിമുഖത്തില്‍ തന്റെ പ്രണയവും ജീവിതവും വെളിപ്പെടുത്തിയിരിക്കുകയാണ് ഷാജോണ്‍.

Loading...

‘പ്രണയത്തിലൂടെ വിവാഹിതരായവരാണ് ഞങ്ങള്‍. ഞാനും ഡിനിയും ഒരുമിച്ച് ഒരു ഗള്‍ഫ് ഷോയ്ക്ക് പോയതാണ്. കോട്ടയം നസീറിന്റെ കൂടെ ഞാനും ഡാന്‍സര്‍ ടീമിനൊപ്പം ഡിനിയും. കക്ഷി അന്ന് മിസ് തൃശൂരായി തിളങ്ങി നില്‍ക്കുകയാണ്. ഒരു മിസ് തൃശൂരിനോട് എനിക്ക് ചോദിക്കാന്‍ പറ്റുന്ന ചോദ്യമായിരുന്നോ അതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എങ്കിലും എനിക്ക് ഇഷ്ടമാണെന്ന് നേരെ ചെന്നു പറഞ്ഞു. പക്ഷേ, എന്നെ ഞെട്ടിച്ചത് അവളുടെ മറുപടിയാണ്. ‘വീട്ടുകാര്‍ക്ക് ഇഷ്ടമാണേല്‍ അവള്‍ക്ക് കുഴപ്പമില്ലെന്ന്.’

അപ്പോള്‍ തന്നെ ഇച്ചായനെ വിളിച്ചു. ഇച്ചായന്‍ തന്ന ആത്മവിശ്വാസത്തില്‍ അമ്മച്ചിയോട് കാര്യം പറഞ്ഞു. നാട്ടില്‍ വന്നിട്ട് കൂട്ടുകാരന്‍ രമേശുമായി ഡിനിയുടെ വീട്ടില്‍ പോയി. പിന്നെ, മൂന്നുമാസം പ്രണയകാലം. 2004 ല്‍ കല്യാണം. രണ്ട് മക്കളാണ് ഞങ്ങള്‍ക്ക്. മകള്‍ ഹന്ന, മകന്‍ യൊഹാന്‍.’ ഷാജോണ്‍ പറഞ്ഞു.

‘2009ല്‍ ആണ് ഞാന്‍ തിരക്കഥ എഴുതാന്‍ തുടങ്ങിയത്. അഞ്ചു വര്‍ഷമായപ്പോഴേക്കും അതു സുഹൃത്തുക്കളെ വായിച്ചുകേള്‍പ്പിക്കാവുന്ന വിധം വികസിച്ചു. 2016ല്‍ ഇതുമായി പൃഥ്വിരാജിന്റെ അടുക്കലെത്തി. കഥ വായിച്ചശേഷം അദ്ദേഹം പറഞ്ഞു: സമ്മതം. പക്ഷേ ചേട്ടന്‍ തന്നെ സംവിധായകനാകണം.’ഷാജോണ്‍ പറഞ്ഞു.

1999ല്‍ ‘മൈ ഡിയര്‍ കരടി’യിലൂടെയാണ് ഷാജോണ്‍ സിനിമയിലെത്തുന്നത്. പിന്നീട് നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഹാസ്യ മുതല്‍ വില്ലന്‍ വേഷങ്ങള്‍ വരെ കൈകാര്യം ചെയ്ത് അഭിനയത്തിലെ തന്റെ കഴിവ് തെളിയിച്ച വ്യതിയാണിദ്ദേഹം.