ലോഹിസാറിന്റെ ജീവിതം ഏറെ ബുദ്ധിമുട്ടുകളും വെല്ലുവിളികകളും നിറഞ്ഞതായിരുന്നു: കടുത്ത അനുഭവങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ കഥകൾക്ക് കരുത്തു നൽകിയതും- കുഞ്ചാക്കോ ബോബൻ

തിരുവനന്തപുരം: സിനിമാ സംവിധായകന്‍ ലോഹിതദാസിന്റ പതിനൊന്നാം ചരമവാര്‍ഷിക ദിനത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകം സമർപ്പിച്ച് നടൻ കുഞ്ചാക്കോ ബോബൻ. ലോഹി തദാസിന്റെ ജീവിതം ബുദ്ധിമുട്ടുകളും വെല്ലുവിളികകളും നിറഞ്ഞതായിരുന്നെന്നും കടുത്ത അനുഭവങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന്റെ കഥകള്‍ക്ക് കരുത്തു നല്‍കിയതെന്നും കുഞ്ചാക്കോ പറയുന്നു. ‘ലോഹി: നിഴലുകള്‍ ഇണചേര്‍ന്ന നാട്ടു വഴികള്‍’ എം. ശബരീഷ് എഴുതിയ പുസ്തകമാണ് കുഞ്ചാക്കോ ബോബൻ അനുസ്മരണ കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ കുറിപ്പ്
ചിലർ ചുരുങ്ങിയ സമയത്തിനുള്ളിൽ നമ്മുടെ സ്നേഹം മുഴുവൻ വാങ്ങിക്കൂട്ടി ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദിവസം അപ്രത്യക്ഷരാവും. ജൂൺ 28, പ്രിയപ്പെട്ട ലോഹിതദാസ് സാറിന്റെ ഓർമ്മകൾ പെയ്യുന്ന ദിവസമാണ്. മലയാള സിനിമ എത്ര കാലമുണ്ടാകുമോ അത്രയും കാലം നന്ദിയോടെയും അഭിമാനത്തോടെയും സ്മരിക്കപ്പെടുന്ന ആ പ്രതിഭ ഒട്ടേറെ മികച്ച കഥാപാത്രങ്ങൾക്കും സിനിമകൾക്കുമാണ് ജന്മം നൽകിയത്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായത് ഭാഗ്യമായി ഞാനും കരുതുന്നു. ഇന്നും മറക്കാനാവാത്ത അനുഭവമാണ് ‘കസ്തൂരിമാൻ’ എന്ന സിനിമയും അതിലെ സാജൻ ജോസഫ് ആലുക്ക എന്ന കഥാപാത്രവും.

Loading...

ലോഹിസാറിന്റെ ജീവിതം ഏറെ ബുദ്ധിമുട്ടുകളും വെല്ലുവിളികകളും നിറഞ്ഞതായിരുന്നു. കടുത്ത അനുഭവങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ കഥകൾക്ക് കരുത്തു നൽകിയതും. ലോഹിസാറിനെ ഇഷ്ടപ്പെടുന്നവരെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തേയും എഴുത്തിന്റെ വഴികളേയും കൂടുതൽ അറിയാനാഗ്രഹിക്കും. അതിനുള്ളൊരു ശ്രമമാണ് എം.ശബരീഷ് എഴുതി പൂർത്തിയാക്കിയ ‘ലോഹി: നിഴലുകൾ ഇണചേർന്ന നാട്ടു വഴികൾ’ എന്ന പുസ്തകം. സിനിമയ്ക്കകത്തും പുറത്തുമുള്ള ലോഹി സാറിനെ അടുത്തു പരിചയപ്പെടുത്തുന്ന പുസ്തകം മലയാള സിനിമയേയും ലോഹിതദാസ് എന്ന പ്രതിഭയേയും സ്നേഹിക്കുന്ന എല്ലാവർക്കുമായി ഞാൻ സമർപ്പിക്കുന്നു.ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും പുസ്തകത്തിൻ്റെ കവർ ഇവിടെ റിലീസ് ചെയ്യട്ടെ. ഒപ്പം ഈ പുസ്തകം നിങ്ങൾക്ക് മികച്ചൊരു വായനാനുഭവമാവട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു.

പ്രിയപ്പെട്ട
ശബരീഷിനും പുസ്തകം പുറത്തിറക്കിയ പാപ്പാത്തി ബുക്സിനും എന്റെ ഭാവുകങ്ങൾ.

സ്നേഹപൂർവ്വം
കുഞ്ചാക്കോ ബോബൻ