മലപ്പുറം : കഴിഞ്ഞ നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടന്‍ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേ അഞ്ചോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം മുതൽ തന്നെ ആദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. നില വഷളാകുന്ന അവസ്ഥയും ഉണ്ടായിരുന്നു.
നാടകരംഗത്തു നിന്നുമാണ് മാമുക്കോയ സിനിമയില്‍ എത്തിയത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്‍മാരില്‍ ഒരാളാണ് അദ്ദേഹം. മലയാള സിനിമയിൽ കോഴിക്കോടന്‍ ഭാഷയുടെ മനോഹരമായ ശൈലി ജനകീയമാക്കിയതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
മലയാളികളെ ആകെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗ വാർത്ത ഇപ്പോൾ എത്തിയത്. ഉദ്‌ഘാടന ചടങ്ങിനെത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതുവരെയും അദ്ദേഹം പൂർണ ആരോഗ്യവാനായിരുന്നു.