ആരോ​ഗ്യം മെച്ചപ്പെട്ടു; നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു

എറണാകുളം :ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ശ്രീനിവാസൻ. 20 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് നടൻ ആശുപത്രി വിടുന്നത്. അങ്കമാലിയിലെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.മാർച്ച് 30നാണ് നെഞ്ചുവേദനയേത്തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്.

ആൻജിയോഗ്രാം പരിശോധനയിൽ നടന് ട്രിപ്പിൾ വെസ്സൽ ഡിസീസ് കണ്ടെത്തി. ഇതേത്തുടർന്ന് മാർച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സർജറിക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററിൽ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഈ മാസം 12ന് ആരോഗ്യ നില തൃപ്തികരമായതിനെത്തുടർന്ന് നടനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും ശ്രീനിവാസൻ മുൻപ് പല തവണ ചികിത്സ തേടിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Loading...