കൊല്‍ക്കത്ത: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് 50 തൃണമൂല്‍ എം എല്‍ എമാര്‍ ബിജെപിയില്‍ എത്തുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഇതിന് പിന്നാലെ നടിയും തൃണമൂല്‍ എംപിയും ആയ ശതാബ്ദി റോയ് ബിജെപിയില്‍ ചേരുമെന്നും വിവരം. ബിര്‍ഭൂമി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ശതാബ്ദി റോയ്യുടെ സോഷ്യല്‍മീഡിയ ഫാന്‍ പേജില്‍ കുറിച്ച വാക്കുകളാണ് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തലവേദനയാകുന്നത്. ‘ഞാന്‍ ഒരു തീരുമാനം എടുക്കുകയാണെങ്കില്‍, അത് ജനുവരി 16ന് രണ്ടുമണിക്ക് നിങ്ങളെ അറിയിക്കും’ എന്നായിരുന്നു കുറിപ്പ്.
‘ഈ പുതുവര്‍ഷം മുതല്‍ മുഴുവന്‍ സമയവും നിങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്ന തീരുമാനം എടുത്തിട്ടുണ്ട്. 2009 മുതല്‍ നിങ്ങള്‍ എന്നെ പിന്തുണക്കുകയും ലോക്സഭയിലേക്ക് അയക്കുകയും ചെയ്തു. നിങ്ങള്‍ക്ക് എന്നോടുള്ള താത്പര്യം ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ ലോക്സഭ അംഗമാകുന്നതിന് മുമ്ബുതന്നെ ജനങ്ങള്‍ വളരെയധികം എന്നെ സ്നേഹിച്ചിരുന്നു. എന്റെ കടമ നിര്‍വഹിക്കുന്നത് ഇനിയും തുടരും. ഞാന്‍ ഒരു തീരുമാനമെടുക്കുകയാണെങ്കില്‍ ജനുവരി 16ന് രണ്ടുമണിക്ക് നിങ്ങളെ അറിയിക്കും’ ശതാബ്ദി റോയ്യുടെ പേരില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു.