പൊലീസിനോട് പറയാത്തതെല്ലാം ജിന്‍സനോട് പറഞ്ഞു ;ഒടുവില്‍ പോലീസ് എല്ലാമറിഞ്ഞു; ഞെട്ടിക്കുന്ന വിവരങ്ങള്‍…

കൊച്ചി:  പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. മുഖ്യപ്രതി പള്‍സര്‍ സുനിയുള്‍പ്പെടെ ഏഴു പേരെ ഉള്‍പ്പെടുത്തിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നതെങ്കിലും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. ഫെബ്രുവരി 17നാണ് നടിയെ സുനിയും സംഘവും തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.

സംഭവത്തില്‍ ഗൂഡാലോചനയില്ലെന്നും ബ്ലാക്‌മെയില്‍ ചെയ്തു പണം തട്ടുക മാത്രമായിരുന്നു ലക്ഷ്യമെന്നും നേരത്തേ പറഞ്ഞ പള്‍സര്‍ സുനി ഇപ്പോള്‍ അതു ഗൂഡാലോചന തന്നെയായിരുന്നുവെന്ന് സഹതടവുകാരോട് പറഞ്ഞതായാണ് സൂചന. ഇതേ തുടര്‍ന്ന് അന്വേഷണസംഘം ജയിലിലെത്തി ഇതു സംബന്ധിച്ച് മൊഴിയെടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അന്നു സംഭവിച്ച കാര്യങ്ങളെക്കുറിച്ചും പിന്നില്‍ കളിച്ചവരെക്കുറിച്ചുമെല്ലാം സുനി സഹതടവുകാരോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. തടവുകാരില്‍ നിന്നും ഇതേക്കുറിച്ച് അറിഞ്ഞ ജയില്‍ അധികൃതര്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

തനിക്കൊപ്പം ജയില്‍ മുറിയില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സനോടു അന്നു നടന്ന സംഭവങ്ങളെക്കുറിച്ചും ഗൂഡാലോചനയെക്കുറിച്ചൊക്കെയുമെല്ലാം സുനി വെളിപ്പെടുത്തിയിരുന്നു. അന്വേഷണസംഘം നല്‍കിയ ഹരജിയില്‍ ജിന്‍സന്റെ മൊഴിയെടുക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിടുകയും ചെയ്തിരുന്നു.

ജയിലില്‍ വച്ചു സുനി എഴുതിയ കത്ത് പുറത്തെത്തിച്ചത് ജിന്‍സനായിരുന്നു. ഇതുമായി ബന്ധപ്പെട്ടു സുനിയെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തട്ടിപ്പുകേസില്‍ പെട്ടാണ് ജിന്‍സന്‍ ജയിലിലായത്. ഇയാളെ റിമാന്‍ഡ് ചെയ്ത അതേ മുറിയില്‍ തന്നെയാണ് സുനിയെയും പാര്‍പ്പിച്ച്. ഇരുവരും തമ്മില്‍ പെട്ടെന്ന് കൂട്ടാവുകയും ചെയ്തു. ഇതിനിടെയാണ് സുനി നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ജിന്‍സനോട് പറഞ്ഞത്. നേരത്തേ അന്വേഷണ സംഘത്തോട് വെളിപ്പെടുത്താത്ത പല കാര്യങ്ങളും സുനി ജിന്‍സനോട് പറഞ്ഞിട്ടുണ്ടെന്നണ് സൂചന.

നേരത്തേ സുനിയടക്കം ഏഴു പ്രതികളെ ഉള്‍പ്പെടുത്തി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് തുടരന്വേഷണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.കുറ്റപത്രം സമര്‍പ്പിച്ച ശേഷവും പോലീസ് പ്രതികളുടെ ഫോണ്‍ വിളികള്‍ നിരീക്ഷിച്ചിരുന്നു. മൂന്നു മാസമായി ഇവ നിരീക്ഷിച്ചതിനെ തുടര്‍ന്ന് പല നിര്‍ണായക വിവരങ്ങളും അന്വേഷണസംഘത്തിനു ലഭിച്ചുകഴിഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തില്‍ മലയാളത്തിലെ മെഗാ സ്റ്റാറിനു പങ്കുണ്ടെന്ന് ഇന്ത്യാ ടുഡേ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അയാളുടെ പേര് ഇന്ത്യാ ടുഡേ പുറത്തുവിട്ടിട്ടില്ല. സുനിക്കും സംഘത്തിനും ക്വട്ടേഷന്‍ നല്‍കിയത് മെഗാസ്റ്റാര്‍ ആണെന്നും ഇന്ത്യാ ടുഡേയില്‍ ചൂണ്ടിക്കാട്ടുന്നു.