ബോഡി ഷെയ്മിങ്ങിനെതിരെ നടിയുടെ വ്യത്യസ്ത പ്രതിഷേധം

ബോഡി ഷെയ്മിങ്ങിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് അറിയപ്പെടുന്ന നടിയും മോഡലുമായ എമിലി രജത്‌കോവ്‌സ്‌കി. ശരീര രോമങ്ങള്‍ക്കും വലിയ സന്ദേശങ്ങളാണ് കൈമാറാന്‍ സാധിക്കുക എന്ന് മനസിലാക്കികൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് എമിലി. തന്റെ കക്ഷത്തിലെ രോമങ്ങള്‍ ഇങ്ങനെ ധൈര്യത്തോടെ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് എമിലി തന്റെ ഫോട്ടോഷൂട്ട് നടത്തിയത്. ഫെമിനിസം ചര്‍ച്ച ചെയ്യുന്ന ഒരു മാസികയ്ക്ക് വേണ്ടി എഴുതിയ ലേഖനത്തിന്റെ ഭാഗമായാണ് 28കാരിയായ എമിലി ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് തന്റെ ലേഖനവും ഫോട്ടോഷൂട്ടും എന്ന് നടി പറയുന്നു. വ്യാഴാഴ്ച ഇന്‍സ്റ്റാഗ്രാമിലാണ് ഈ ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്തത്. എമിലിയുടെ ഈ തീരുമാനത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. നടി ചെയ്തത് വലിയൊരു കാര്യമാണെന്നും സ്ത്രീ ശരീരത്തെ കുറിച്ചുള്ള മുന്‍വിധികള്‍ തിരുത്തിയെഴുതാന്‍ എമിലിയുടെ ഈ പ്രവൃത്തി സഹായകമാണെന്നുമാണ് സോഷ്യല്‍ മീഡിയയിലെ നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്.