തിരുവനന്തപുരം: സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലെ നായികയും, ടിവി സീരിയല്‍ നടിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ കരമന മരുതൂര്‍ക്കടവ് പാലത്തിനു സമീപം കരമനയാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളനാട് പുതുകുളങ്ങര സ്വദേശിയും നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം വാടകവീട്ടില്‍ താമസിക്കുന്ന ഷാജി സുമ ദമ്പതികളുടെ മകളുമായ ശില്‍പ (19) ആണു മരിച്ചത്. ശാസ്തമംഗലം ആര്‍കെഡി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.

ശനിയാഴ്ച രാത്രിയാണു മൃതദേഹം കണ്ടത്. സീരിയല്‍ സിനിമാ മോഹം കൊണ്ടു നടന്ന വ്യക്തിയായിരുന്നു ശില്‍പ. നിരവധി സീരിയലുകളിലും ശില്‍പ അഭിനയിച്ചിട്ടുണ്ട് പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പോലീസ്. ശില്‍പയും കൂട്ടുകാരിയും രണ്ടു യുവാക്കള്‍ക്കൊപ്പം വെള്ളിയാഴ്ച പാപ്പനംകോട്ട് ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. ഈ പരിപാടിയെക്കുറിച്ചും അതില്‍ പങ്കെടുത്തവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു മൃതദേഹം വിട്ടുകൊടുത്തു.