കഴിഞ്ഞ കുറച്ചു മാസങ്ങളായി സോഷ്യല്‍ മീഡിയ സോനാനായര്‍ എന്ന അഭിനേത്രിയുടെ അഭിനയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ്. സോനാനായര്‍ അഭിനയം നിര്‍ത്തുന്നു എന്നാണ് സോഷ്യല്‍ മീഡിയ ഏറ്റവും അവസാനം പുറത്തുവിട്ടിരിക്കുന്ന വാര്‍ത്ത. 25 വര്‍ഷത്തെ അഭിനയജീവിതം, 200 ഓളം സീരിയലുകള്‍, സീരിയലിനേക്കാള്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നടി. എന്നിട്ടും എന്തിനാണ് സോനാനായര്‍ അഭിനയം ഉപേക്ഷിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് സോനാനായര്‍ പ്രതികരിക്കുന്നു.

അഭിനയം നിര്‍ത്തുന്നു എന്ന സോഷ്യല്‍ മീഡിയയുടെ വാര്‍ത്തയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യം?
സീരിയല്‍ അഭിനയം നിര്‍ത്തുന്നു എന്നാണ് പറഞ്ഞത്. സിനിമയില്‍ തുടര്‍ന്നും അഭിനയിക്കും. ഏത് വിരുതനാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത അണിയിച്ചൊരുക്കിയത് എന്നറിയില്ല. അല്ലെങ്കില്‍ തന്നെ പണിയില്ലാത്ത കുറേ പേര്‍ക്ക് സോഷ്യല്‍ മീഡിയകളില്‍ ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണല്ലോ പുതിയ ജോലി.

Loading...

സെലിബ്രിറ്റികളുടെ പേരില്‍ വാര്‍ത്തകള്‍ ഉണ്ടാക്കിയാല്‍ അതിന് പ്രേക്ഷകര്‍ ഏറും. പ്രത്യേകിച്ച് പെണ്ണുങ്ങളെപ്പറ്റി. ഫെയ്‌സ്ബുക്ക് പോലുള്ള നവമാധ്യമങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളെ എങ്ങനെയൊക്കെ മോശമാക്കാം എന്നതിനെപ്പറ്റി ഗവേഷണം തന്നെ നടത്തുകയാണ് ചിലര്‍.

സീരിയല്‍ അഭിനയം ഉപേക്ഷിച്ചതിനു പിന്നില്‍?
സമൂഹത്തിലുണ്ടായ മാറ്റം സീരിയലിലും ഉണ്ടായതാണ് ഒന്നാമത്തെ കാരണം. സമൂഹത്തിന് ഒരു സന്ദേശവും നല്‍കാത്ത കെട്ടുകഥകളുടെ ലോകത്തു കൂടിയാണ് ഇന്നത്തെ സീരിയലുകളുടെ പോക്ക്.

നമുക്ക് സിനിമയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. പുതിയ ലൊക്കേഷനില്‍, പുതിയ കഥാപാത്രങ്ങളില്‍, സംവിധായകനില്‍ നിന്നും ഒക്കെ നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയാണ്. എന്നാല്‍ സീരിയലില്‍ എന്നും ഒരേ കഥാപാത്രങ്ങള്‍. അതും രണ്ടും മൂന്നും വര്‍ഷം നമ്മള്‍ ആ കഥാപാത്രമായി തന്നെ നില്‍ക്കണം. പിന്നെ എന്നും ഒരേ ലൊക്കേഷന്‍.

സെലിബ്രിറ്റിയായിട്ടുള്ള ഏതെങ്കിലും പുരുഷന്റെ അശ്ലീലചിത്രം ഫെയ്‌സ്ബുക്കില്‍ വരുന്നുണ്ടോ?

അപ്പോള്‍ ഇതുണ്ടാക്കുന്ന ഞരമ്പുരോഗികളുടെ ആവശ്യം സ്ത്രീയെ മോശമായി ചിത്രീകരിച്ച് അതില്‍ സായൂജ്യം അടയുക എന്നാണ്. എന്നെപ്പറ്റി ഒരുപാട് മോശം കാര്യങ്ങളാണ് ഫെയ്‌സ്ബുക്കിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഞാനതിനെ മൈന്‍ഡ് ചെയ്യാറില്ല. നമ്മള്‍ പ്രതികരിക്കാന്‍ പോകുമ്പോള്‍ അല്ലേ വിവാദങ്ങള്‍ ഉണ്ടാകുന്നത്.

നമ്മള്‍ എന്തെങ്കിലും തെറ്റു ചെയ്തതുകൊണ്ടാണ് പ്രതികരിച്ചത് എന്നാകും പിന്നീട്. അതിനെ അതിന്റെ വഴിക്ക് വിട്ടാല്‍ ഇതു ചെയ്യുന്നവന്‍ കുറച്ചുനാള്‍ കഴിഞ്ഞ് മടുത്തിട്ട് തനിയെ ഇതങ്ങ് ഉപേക്ഷിക്കും.

എനിക്ക് ബോധ്യപ്പെടുത്തേണ്ടത് എന്റെ വീട്ടുകാരേയും നാട്ടുകാരേയും പ്രേക്ഷകരേയും ആണ്. അവര്‍ക്കെന്നെ അറിയാം. പിന്നെ ഞാനെന്തിനാണ് ഭയപ്പെടുന്നത്. അതുകൊണ്ട് എന്നെപ്പറ്റി ഇറങ്ങുന്ന സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍ വിശ്വസിക്കരുത് എന്നു മാത്രമാണ് പറയാനുള്ളത്.