അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും; കൂടിക്കാഴ്ച സെക്രട്ടേറിയറ്റിൽ

നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും. രാവിലെ 10ന് സെക്രട്ടേറിയറ്റിലെ ഓഫീസലായിരിക്കും കൂടിക്കാഴ്ച. സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കാണുന്നത്.

കേസിലെ തുടര്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചതിനെതിരെ അതിജീവിത കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ചും രാഷ്ട്രീയ ഇടപെടലാണ് അന്വേഷണം വഴിമുട്ടിയതിന് പിന്നിലെന്ന് ആരോപിച്ചുമാണ് നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ് സർക്കാരും കൂടിക്കാഴ്ചക്ക് ഒരുങ്ങിയത്.

Loading...

പ്രതി ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേർന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നായിരുന്നു നടിയുടെ ആക്ഷേപം. പ്രതിഭാഗം അഭിഭാഷകരെ പോലും ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് നടി സംശയം ഉന്നയിച്ചത്. നടിയുടെ പരാതി രാഷ്ട്രീയ വിവാദമായതോടെ സിപിഐഎം നേതാക്കൾ കൂട്ടത്തോടെ നടിയെ വിമർശിച്ചിരുന്നു. സർക്കാർ ഇരയെ തള്ളുകയാണെന്ന ആക്ഷേപം മുറുകുന്നതിനിടെയാണ് അതിജീവിത മുഖ്യമന്ത്രിയെ കാണുന്നത്.