അദാനിയാണ് കേന്ദ്ര സേനയെ സുരക്ഷയ്്കായി ആവശ്യപ്പെട്ടത്; അന്തിമ തീരുമാനം കോടതിയുടേത്

തിരുവനന്തപുരം. വിഴിഞ്ഞം സംഘര്‍ഷത്തെ തുടര്‍ന്ന് പദ്ധതിയുടെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടിലെന്ന് മന്ത്രി ആന്റണി രാജു. അദാനി ഗ്രൂപ്പാണ് കേന്ദ്രസേനയെ ആവശ്യപ്പെട്ടതെന്നും സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി അഭിപ്രായം മാത്രമാണ് ചോദിച്ചതെന്നും മന്ത്രി പറഞ്ഞു. അതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും ആലോചിച്ച് തീരുമാനം അറിയിക്കാനാണ് കോടതി പറഞ്ഞിരിക്കുന്നത്.

കോടതിയാണ് അന്തിമ തീരുമാനം പറയേണ്ടതെന്നും മന്ത്രി പറഞ്ഞു. എല്‍ഡിഎഫിലെ ഒരു മന്ത്രിയും വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരക്കാരെ തീവ്രവാദി എന്നു പറഞ്ഞിട്ടില്ല. മന്ത്രി അബ്ദുറഹിമാന്‍ ആരെയും തീവ്രവാദി എന്നു വിളിച്ചിട്ടില്ലെന്നു അദ്ദേഹത്തിന്റെ പ്രസംഗം മുഴുവന്‍ കേട്ടാല്‍ മനസ്സിലാകും. തന്റെ സഹോദരനും സമര സമിതി നേതാവുമായ എജെ വിജയനെക്കുറിച്ചുള്ള ആരോപണത്തിന് അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നു ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. വിഴിഞ്ഞവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ്.

Loading...

മുഖ്യമന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തുന്നില്ല എന്നത് കോണ്‍ഗ്രസിന്റെ ആരോപണമാണ്. കോണ്‍ഗ്രസ് സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പലതവണ സമരസമിതിയുമായി ചര്‍ച്ച നടത്തി. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 182 പേര്‍ വാടകവീട്ടില്‍ കഴിയാനുള്ള വാടക സര്‍ക്കാരില്‍നിന്ന് വാങ്ങി കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് വാടക നല്‍കാന്‍ സര്‍ക്കാര്‍ തയാറാണ്. മത്സ്യത്തൊഴിലാളികള്‍ക്കു വീടു വയ്ക്കാനുള്ള 10 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി. മുതലപ്പൊഴിയിലെ കടലാക്രമണ വിഷയം ചര്‍ച്ച ചെയ്യാന്‍ സബ് കമ്മിറ്റിയെ വച്ചു.

തീരശോഷണത്തെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചു. പദ്ധതി നിര്‍ത്തിവച്ച് പഠനം നടത്താന്‍ സാധ്യമല്ല. പദ്ധതി കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. വ്യക്തമായ അഭിപ്രായം പറയാതെ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം, വിഴിഞ്ഞം തുറമുഖ പ്രദേശത്ത് സുരക്ഷാപാലനത്തിനു കേന്ദ്രസേനയെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സേനയുടെ സഹായം തേടുന്നതിന് എന്തിനാണു മടി കാണിക്കുന്നതെന്ന അദാനി ഗ്രൂപ്പിന്റെ ചോദ്യത്തിനാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇക്കാര്യത്തില്‍ കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി.