പത്തനംതിട്ട: അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായവരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും. വളളിക്കാവ് ടൗണ്‍ യൂണിറ്റ് സെക്രട്ടറി രതീഷാണ് പൊലീസിന്റെ പിടിയിലായത്. അതേസമയം പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ മുന്‍പും പലവട്ടം പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയാകുകയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായെങ്കിലും സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ അടൂര്‍ പൊലീസ് നാല് പേരെ പ്രതിയാക്കി കേസെടുത്തതിന് പിന്നാലെയാണ് കൊല്ലം ശൂരനാട് പൊലീസ് നാല് പേരെക്കൂടി അറസ്റ്റ് ചെയ്തത്.9, 10 ക്ലാസുകളില്‍ പഠിക്കുന്ന അടൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളെ കരുനാഗപ്പള്ളി വള്ളിക്കാവിലെത്തിച്ച് 11ല്‍ അധികം പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു എന്ന കേസിലാണ് കൂടുതല്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 4, 5 തീയതികളിലായി നടന്ന പീഡനവിവരം കുട്ടികള്‍ ക്ലാസിലിരുന്നു സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സഹപാഠികള്‍ അധ്യാപകരെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അധ്യാപകര്‍ കുട്ടികളോട് സംസാരിച്ചപ്പോഴാണ് പീഡനവിവരം പുറത്താവുന്നത്. തുടര്‍ന്ന് അധ്യാപകര്‍ പൊലീസിലും, ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.

പീഡനത്തിനിരയായ കുട്ടികളില്‍ ഒരാളുമായി നേരത്തെ സൗഹൃദമുണ്ടായിരുന്ന പ്രതികളിലൊരാള്‍ നാലാം തീയതി രാവിലെ കുട്ടികളെ കടല്‍ കാണിക്കാമെന്നു പ്രലോഭിപ്പിച്ചു ചെറിയഴീക്കല്‍ ബീച്ചില്‍ കൊണ്ടുപോയി. തുടര്‍ന്ന് ഹരിലാലിന്റെ വീട്ടില്‍ എത്തുകയും ഇവിടെവെച്ച് കൂട്ടുകാരിയായ കുട്ടിയെ ലൈംഗിക വേഴ്ചക്ക് പ്രേരിപ്പിക്കുകയും ചെയ്തു. വഴങ്ങാതിരുന്ന കുട്ടിയെ ഷാളുപയോഗിച്ച് കൈകള്‍കൂട്ടിക്കെട്ടി നാല് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയായിരുന്നു . കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
പിന്നീട് പെണ്‍കുട്ടിയുടെ അമ്മയുമായി പരിചയമുളള ഒരാള്‍ അഞ്ചാം തീയതി കൗണ്‍സിലിംഗിനെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടികൊണ്ട് പോയി ചെറിയഴീക്കലിലെ വീട്ടിലെത്തിച്ച് 5 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. അറസ്റ്റിലായ പ്രതികള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം പണം നല്‍കിയ പ്രതികള്‍ മറ്റ് പെണ്‍കുട്ടികളെ കൂട്ടികൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പുറമെ പെണ്‍കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രതികള്‍ മെബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും പ്രതികള്‍ ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടികളെ പീഡനത്തിനിരയാക്കിയ സ്ഥലത്തെത്തിച്ച് പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന.