ഒരു സീനില്‍ പൂച്ചയെ കൊന്നാല്‍ കുരുപൊട്ടുന്നവര്‍ പുലിമുരുകന്‍ പുലിയെ കൊന്നത് കണ്ടില്ലേ… ആയിരം കോടിയുടെ സിനിമകള്‍ നിരോധിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

ചങ്ങനാശ്ശേരി: ആയിരം കോടിയുടെ സിനിമകള്‍ അനാവശ്യമാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അത്തരത്തിലുള്ള സിനിമകള്‍ നിരോധിക്കണം. സിനിമയിലെ സെന്‍സര്‍ഷിപ്പും നിരോധിക്കേണ്ടതാണെന്നും വാണിജ്യ സിനിമകള്‍ക്ക് വേണ്ടിയാണ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നതെന്നും അന്തരിച്ച ചലച്ചിത്രകാരനും സെയിന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ സ്ഥാപക പ്രിന്‍സിപ്പലുമായ പ്രൊഫസ്സര്‍ ജോണ്‍ ശങ്കരമംഗലത്തിന്റെ ഓര്‍മ്മ പുതുക്കാനായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിന് പോലും വിശദീകരണം ചോദിക്കുന്നവര്‍ പുലിമുരുകന്‍ എന്ന, പുലിയെ കൊല്ലുന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എങ്ങനെയെന്ന് മനസിലാകുന്നില്ല. ചിലവഴിക്കുന്ന പണത്തിന്റെ മേന്മ ഒരു ചിത്രത്തിനും ഉണ്ടാവാറില്ലെന്നും അടൂര്‍ പറഞ്ഞു.

പുലിമുരുകന്‍ പോലെയുള്ള ചിത്രങ്ങള്‍ എടുക്കുന്നവര്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും സാധാരണ കുറഞ്ഞ ബജറ്റില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കാണ് പ്രശ്‌നങ്ങളുണ്ടാവുന്നതെന്ന് അടൂര്‍ അഭിപ്രായപ്പെട്ടു. സാധാരണ ചിത്രങ്ങള്‍ ചെയ്യുന്നവരെയാണ് സെന്‍സര്‍ഷിപ്പ് ബാധിക്കുന്നത്. ഇതില്‍ സാമ്പത്തിക തിരിമറി നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചു.