തിരുവനന്തപുരം: നാട്ടിൽ ജനസേവനം നടത്തുന്നവരെ വൃത്തികെട്ട രീതിയിൽ അവഹേളിക്കുകയാണു മലയാളത്തിലെ ടിവി ചാനലുകൾ ചെയ്യുന്നതെന്നും നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയാത്തവിധം സാംസ്കാരികമായ വലിയ അധഃപതനത്തിലേക്കു സമൂഹത്തെ തള്ളിവിടുകയാണു ചാനലുകളെന്നും ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഓരോ പരിപാടികളും എങ്ങനെ മോശമാക്കാം എന്ന മൽസരമാണു ചാനലുകളിൽ നടക്കുന്നത്.

ഇതൊക്കെ കാണുമ്പോൾ നമ്മോടുതന്നെ ലജ്ജ തോന്നുന്ന അവസ്ഥയാണെന്നും അടൂർ പറഞ്ഞു. ശങ്കരനാരായണൻ സ്മാരക മാധ്യമ പുരസ്കാരങ്ങൾ മലയാള മനോരമ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയത്തിനും മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണനും സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ടിവി കാണുന്നതു വലിയ പ്രയാസമാണ് ഇപ്പോൾ. ഒരു വിവരവുമില്ലാത്തവർ ചർച്ചകളിൽ ഇരുന്നു സംസാരിക്കുന്നു. ചർച്ചയ്ക്കു വരുന്നതിന് ഒരു ഫീസ് ഏർപ്പെടുത്തണമെന്നാണു തന്റെ അഭിപ്രായം.

Loading...

വിഷയത്തെക്കുറിച്ചു പഠിച്ചവരെ വേണം ചർച്ചയ്ക്കു വിളിക്കാൻ. അല്ലാതുള്ള സംസാരം കേൾക്കുമ്പോൾ ആത്മനിന്ദയാണു തോന്നുന്നത്. ഏറ്റവും വൃത്തികെട്ട രീതിയിൽ ആളുകളെ അവഹേളിക്കുന്ന പരിപാടികളാണു ചാനലുകളിൽ നിറയെ. എന്തിനെപ്പറ്റി ഒരാൾ പറഞ്ഞോ, അതിനെ നേരെ വിപരീതമാക്കി നികൃഷ്ടമായി അവതരിപ്പിക്കും. വാർത്തകളിൽ പോലും നിറം കൊടുക്കുന്ന രീതിയാണ്. സമൂഹത്തിൽ സജീവമായി ഇടപെടാൻ സാധ്യതയുള്ളപ്പോഴാണ് ഈ വൃത്തികേടുകൾക്കു പിറകെ ചാനലുകൾ പോകുന്നത് – അടൂർ പറഞ്ഞു. കൊള്ളാവുന്ന ഒരു ഡോക്കുമെന്ററി പോലും ചാനലുകളിൽ കാണിക്കുന്നില്ല. ദയാബായിയെ ബസിൽനിന്ന് ഇറക്കിവിട്ട സംഭവം അടുത്തിടെയുണ്ടായി.

അവർ ഒരു മഹദ് വ്യക്തിയാണ്. അവരെക്കുറിച്ചു മനോഹരമായ ഡോക്കുമെന്ററി ഉണ്ട്. അതൊന്നും ചാനലുകളിൽ കാണിക്കുന്നില്ല. അറുവഷളൻ പരിപാടികൾ കാണിച്ചു സമയം കൊല്ലുന്നു– അടൂർ കുറ്റപ്പെടുത്തി. മാധ്യമ പ്രവർത്തകനായ സണ്ണിക്കുട്ടി ഏബ്രഹാം അധ്യക്ഷത വഹിച്ചു. കെടിഡിസി ചെയർമാൻ വിജയൻ തോമസ്, എസ്.ആർ. ശക്തിധരൻ, പ്രസ്ക്ളബ് പ്രസിഡന്റ് ആർ. അജിത്കുമാർ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. നാരായണൻ, പ്രമേഷ്കുമാർ, ജെ.എസ്. ഇന്ദുകുമാർ എന്നിവർ പ്രസംഗിച്ചു.