വിരട്ടല്‍ കാണുമ്പോള്‍ ഓടുന്നവനല്ല താനെന്ന് മന്ത്രി അടൂര്‍ പ്രകാശ്‌

കണ്ണൂര്‍: തനിക്കെതിതെരെ അനാവശ്യ ആരോപണമുന്നയിക്കുന്ന ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വിരട്ടല്‍ കാണുമ്പോള്‍ ഓടുന്നവനല്ല താനെന്നും മന്ത്രി അടൂര്‍ പ്രകാശ്‌. പട്ടയമേളയ്ക്കിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയതിനു ശേഷം പ്രസംഗം തുടര്‍ന്നപ്പോഴാണു മന്ത്രി ഇതു പറഞ്ഞത്. പട്ടയം നല്‍കാനാണു താന്‍ വന്നതെങ്കില്‍ അക്കാര്യം പൂര്‍ത്തിയാക്കിയിട്ടേ മടങ്ങുകയുള്ളൂ അതിനൊരു പുല്ലനും തടസമാകില്ലെന്നാണ് മന്ത്രി വിട്ടടിച്ചത്!

താന്‍ പറയുന്നതു പ്രതിഷേധക്കാരിലാരെങ്കിലും കേട്ടില്ലെങ്കില്‍ ഇക്കാര്യം പ്രസംഗം കേള്‍ക്കുന്ന അവരുടെ നേതാക്കള്‍ അവര്‍ക്കു മനസിലാക്കി കൊടുക്കണമെന്നു വേദിയിലുണ്ടായിരുന്ന പി.കെ. ശ്രീമതി എംപിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ ഉദ്ദേശിച്ചു മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാര ത്തിലേറിയതു മുതല്‍ അനാവശ്യ ആരോപണങ്ങളുയര്‍ത്തി സര്‍ക്കാരിനെ വിരട്ടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഇതുകൊണ്ടൊന്നും തകരുന്നതല്ല യുഡിഎഫ്‌ സര്‍ക്കാര്‍. സര്‍ക്കാര്‍ അതിന്റെ മുറക്ക് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

Loading...

സോളാര്‍ കേസുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ തനിക്കെതിരേ ഉയര്‍ന്നുവന്ന ആരോപണം ചില പുല്ലന്മാരുടെ രാഷ്ട്രീയ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ ആരോപ ണം ഉന്നയിച്ച അഭിഭാഷകനെ അറിയില്ല. താന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ ആരോപണത്തെക്കുറിച്ച്‌ അറിയുന്നതുതന്നെ പ്രതിഷേധക്കാരുടെ മുദ്രാവാക്യം കേട്ടാണ്‌. എങ്കിലും ഇക്കാര്യത്തില്‍ നിയമവിദഗ്‌ധരുമായി ആലോചിച്ച്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

സരിതയുമായി ബന്ധപ്പെട്ടു നേരത്തെ ഉയര്‍ന്ന ആരോപണം സംബന്ധിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കിയിട്ടുണ്ട്. തന്റെ നിയോജകമണ്ഡലത്തിലെ ഒരു അധ്യാപികയില്‍നിന്നു ടീം സോളാര്‍ വാഗ്‌ദാനം ചെയ്‌തു സരിതയടക്കമുള്ളവര്‍ പത്തുലക്ഷം രൂപ തട്ടിയതായി പരാതി ഉണ്ടായിരുന്നു. ഈ അധ്യാപിക ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ അവരുടെ ഫോണില്‍ താന്‍ സരിതയെ വിളിച്ചിരുന്നു. തന്റെ നിയോജക മണ്ഡലത്തിലെ വ്യക്തിയുടെ കാര്യമായതിനാല്‍ മാത്രമാണു താന്‍ ഇടപെട്ടത്‌. ഇതില്‍ കൂടുതല്‍ മറ്റൊരു ബന്ധവും സരിതയുമായോ സോളര്‍ കേസില്‍ ഉള്‍പ്പെട്ടവരുമായോ തനിക്കില്ലെന്നും മന്ത്രി പറഞ്ഞു.