ഡ്രോണ്‍ആക്രമണം; അരംകോയുടെ ഭീമന്‍ എണ്ണപ്പാടത്ത് വന്‍തീപിടുത്തം.

ഡ്രോണ്‍ ആക്രമണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനികളില്‍ ഒന്നായ അരംകോയുടെ എണ്ണപ്പാടത്ത് വന്‍തീപിടുത്തം. സൗദി അറേബ്യയില്‍ സ്ഥിതി ചെയ്യുന്ന അരംകോ കമ്പനിയുടെ എണ്ണപ്പാടതത്തിനാണ്് തീപിടിച്ചത്. അബ്ക്വയ്ക്ക്, ഖുറൈസ് മേഖലകളിലെ അരംകോ കേന്ദ്രങ്ങളിലാണ് തീപിടുത്തമുണ്ടായതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ധര്‍ഹാനിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന അബ്ക്വയ്ക്കിലാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റ് അരാംകോയുടെ അല്‍ശൈബ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത്. ഗള്‍ഫില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സൗദി എണ്ണയില്‍ ഏറിയപങ്കും ഇവിടെ നിന്നാണ് ശുദ്ധീകരിക്കുന്നത്. ഡ്രോണ്‍ാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ലെങ്കിലും ഹൂതികളാണ് ഇതിന്റെ പിന്നിലെന്ന ആരോപണം ഉണ്ട്. മുമ്പും പല തവണ ഹൂതികള്‍ സൗദിയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയിട്ടുള്ളതാണ് . സൗദിയിലെ അല്‍ശൈബ എണ്ണപ്പാടത്തിലെ അരാംകോ പ്രകൃതി വാതക യൂനിറ്റിന് നേരെ കഴിഞ്ഞ മാസം ഹൂതി ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. തീപിടുത്തമുണ്ടായെങ്കിലും ആളപായമില്ല. കൂടാതെ സൗദിയിലെ അബഹ വിമാനത്താവളത്തിനു ഖമീസ് മുഷായത് വ്യോമതാവളത്തിലേക്കും നേരെ വീണ്ടും ഹുതികളുടെ ആക്രമണം നടന്നിരുന്നു.അബഹ വിമാനത്താവളത്തിനു നേരെ നടന്ന ആക്രമണത്തില്‍ ഇന്ത്യക്കാരി ഉള്‍പ്പെടെ 26 പേര്‍ക്കു പരുക്കേറ്റിരുന്നു.

Loading...

ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ ഏതാനും മാസങ്ങളായി സൗദിക്കെതിരെ ആക്രമണം തുടരുകയാണ്.
സൗദിയുടെ പെട്രോള്‍ ഉല്‍പാദനത്തെയും കയറ്റുമതിയേയും വന്‍തോതില്‍ ബാധിക്കുന്നതാണ് ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ സൗദിക്ക് നേരെയുള്ള ആക്രമണം. സൗദിയുടെ ഉല്പാദനമേഖലയെ തകര്‍ത്ത സാമ്പത്തികമായി തളര്‍ത്താനാണ് ഹൂതികള്‍ ശ്രമിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പിനും വെടിനിര്‍ത്തലിനും ശ്രമം നടന്നെങ്കിലും ഇതുവരെ വിജയം കണ്ടിട്ടില്ല. തീരനഗരമായ ഹുദെയ്ദയില്‍ തുടരുന്ന വെടിനിര്‍ത്തലിനും ഇപ്പോഴത്തെ സംഘര്‍ഷം ഭീഷണിയായിട്ടുണ്ട്. ഇവിടത്തെ തുറമുഖം പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നാണ്. ഹൂതികള്‍ക്കാവശ്യമായ ആയുധങ്ങളും മറ്റുമെത്തുന്നത് ഇവിടെയാണെന്നു വ്യക്തമാക്കി അടുത്തിടെ തുറമുഖം പിടിച്ചെടുക്കാന്‍ സഖ്യസേന ശ്രമിച്ചിരുന്നു

രാജ്യാന്തര അംഗീകാരത്തോടെ യെമനില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിനെ ഹൂതി വിമതര്‍ അട്ടിമറിച്ചതോടെയാണ് മേഖലയില്‍ സംഘര്‍ഷങ്ങള്‍ക്കു തുടക്കം. പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയെ ഉള്‍പ്പെടെ വിമതര്‍ ആദ്യം വീട്ടുതടങ്കലിലാക്കി. പിന്നീട് വിട്ടയച്ചപ്പോള്‍ അദ്ദേഹം സൗദിയില്‍ രാഷ്ട്രീയാഭയം തേടി. 2015 മാര്‍ച്ച് മുതല്‍ സൗദി സഖ്യസേന ഹൂതികള്‍ക്കു നേരെ ആഞ്ഞടിക്കുകയാണ്.
സുപ്രധാന നഗരമായ ഏദനില്‍ നിന്നുള്‍പ്പെടെ ഹൂതികള്‍ പിന്‍വാങ്ങിയെങ്കിലും ഒരിടവേളയ്ക്കു ശേഷം അടുത്തിടെ സൗദിക്കു നേരെ അതിര്‍ത്തി കടന്നുള്ള ഡ്രോണ്‍മിസൈല്‍ ആക്രമണം ശക്തമാക്കുകയായിരുന്നു. മനുഷ്യാവകാശപരമായി നോക്കിയാല്‍ ലോകത്തിലെ ഏറ്റവും മോശം അവസ്ഥയാണ് യെമനിലുള്ളതെന്ന് യുഎന്‍ പറയുന്നു. ജനസംഖ്യയുടെ മൂന്നില്‍ രണ്ടു വരുന്ന 2.41 കോടി ജനങ്ങള്‍ക്കും ഇവിടെ സഹായം എത്തിക്കേണ്ടതുണ്ടെന്നും യുഎന്‍ വ്യക്തമാക്കുന്നു.